കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാൾ അറസ്റ്റിൽ. തിരുവല്ല സ്വദേശി സതീഷ് കുമാറാണ് അറസ്റ്റിലായത്. 50,000 രൂപയാണ് ഇയാൾ വീട്ടമ്മയിൽ നിന്നും കൈക്കലാക്കിയത്. തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്നാണ് പ്രതി പണം തട്ടിയത്.
മെഡിക്കൽ കോളേജിൽ ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലതവണയായി പ്രതി വീട്ടമ്മയിൽ നിന്നും പണം തട്ടിയിരുന്നു. ജോലിയുടെ കാര്യം ചോദിക്കുമ്പോൾ പല ഒഴിവുകഴിവുകൾ പറഞ്ഞ് പ്രതി രക്ഷപ്പെടുമായിരുന്നു. തുടർന്ന് തന്റെ മൊബൈൽ ഫോണിലൂടെ നിർമ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നൽകി. നിയമനത്തിനായി എത്തിയപ്പോഴാണ് പ്രതി തന്നെ കബളിപ്പിച്ചെന്നുള്ള വിവരം വീട്ടമ്മ അറിയുന്നത്. തുടർന്ന് വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.
ഹരിപ്പാട്, കീഴുവായ്പൂർ സ്റ്റേഷനുകളിൽ സമാന കേസുകളിലെ പ്രതിയാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.