മഹാരാഷ്‌ട്രിയിൽ നിന്ന് പിടിയിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാർച്ച് ഒന്നുവരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ള 40-കാരൻ വെബ് ഡിസൈനറുടെ മുഖം മൂടിയണിഞ്ഞാണ് പൊതു സമൂഹത്തിൽ കഴിഞ്ഞിരുന്നത്. ഛത്രപതി സാംഭാജി നഗറിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തിൽ ഇയാൾ ജോലി ചെയ്തിട്ടുണ്ട്.
വെബ് ഡിസൈനർ എന്ന മറവിൽ, ഇസ്ലാമിക സ്റ്റേറ്റിൽ ചേരുന്നതിനും ഭീകരവാദ പ്രത്യയശാസ്ത്രം പ്രോത്സാഹിപ്പിക്കുന്നതിനും യുവാക്കളെ സ്വാധീനിച്ച് ഭീകരവാദത്തിലേക്ക് വഴിതിരിച്ച്, ജിഹാദിനെ പ്രോത്സഹിപ്പിച്ച് ഇവരെ സിറിയയിലേക്ക് കടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനായി ചില വീഡിയോകളും പങ്കിട്ടിരുന്നതായി കണ്ടെത്തി.
അഫ്ഗാനിസ്ഥാനിലുള്ള ഇസ്ലാമിക സ്റ്റേറ്റ് ഭീകരനുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്ന മൊഹമ്മദ് ഇന്ത്യയിലെ ചില സ്ഥാപനങ്ങളെ ലക്ഷ്യമിട്ടിരുന്നതായും എൻ.ഐ.എ കോടതിയെ അറിയിച്ചു. ഇയാളുടെ സന്ദേശങ്ങൾ ഡികോഡ് ചെയ്യാനും ചാറ്റുകൾ വീണ്ടെടുക്കുന്നതിനും കസ്റ്റഡി ആവശ്യം അത്യാവശ്യമാണെന്നും എൻ.ഐ.എ കോടതിയെ ബോദ്ധ്യപ്പെടുത്തി. ഐസിസ് ഖൊറാസാൻ മൊഡ്യൂളിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നു.
പലപേരുകളിലുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉപയോഗിച്ചാണ് ഇയാൾ ഭീകരവാദം പ്രചരിപ്പിച്ചിരുന്നത്. ഇതുവഴിയാണ് യുവാക്കളെ സ്വാധീച്ച് ഇസ്ലാമിക സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്നത്. ഇങ്ങനെ റിക്രൂട്ട് ചെയ്യപ്പെട്ട യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമവും എൻ.ഐ.എ നടത്തുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് പ്രതിയുടെ സഹോദരൻ മൊഹമ്മദ് ഷൊയ്ബ് വർഷങ്ങൾക്ക് മുൻപ് രാജ്യം വിട്ട് സിറിയയിലെത്തി ഇസ്ലാമിക സ്റ്റേറ്റ് ഭീകരനായെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ ഏജൻസികൾ തേടുന്ന കൊടും കുറ്റവാളിയാണ് ഇയാൾ. സഹോദരനുമായി ബന്ധപ്പെട്ടിരുന്ന ഇയാൾ രാജ്യം വിടും മുൻപ് ചില സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയിരുന്നു. ഭീകരവാദ ഗ്രൂപ്പുകളിൽ നിന്ന് പണം ലഭിച്ചിരുന്ന മൊഹമ്മദ് സൊഹേബ് ടെലിഗ്രാമിലൂടെയാണ് ഇന്ത്യയിലുള്ള ഐസിസി ഭീകരനുമായി ആശയവിനിമയം നടത്തിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.