തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് – എസ്എഫ്‌ഐ സഖ്യം നിലനിൽക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നിലമേലിൽ നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിൽ പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും ഗവർണർ ആരോപിച്ചു. ഇത് സംബന്ധിച്ച് തനിക്ക് വ്യക്തമായ റിപ്പോർട്ട് ലഭിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ നിരോധിത സംഘടനയെ ഉപയോഗിച്ച് നേരിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു. തനിക്കെതിരെ നിലമേലിൽ കരിങ്കൊടി പ്രതിഷേധം നടന്നു. അതിൽ പിടിയിലായവരിൽ ഏഴ് പേർ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണ്. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തനിക്ക് ലഭിച്ചു. തനിക്കെതിരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും ഗവർണർ ആരോപിച്ചു.
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ. ബിന്ദു അദ്ധ്യക്ഷയായത് ചട്ടങ്ങൾ ലംഘിച്ചാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി. താൻ ആരെയും അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ ചുമതലപ്പെടുത്തിയില്ല. താൻ ചുമതലപ്പെടുത്തിയാൽ മാത്രമാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ മന്ത്രിക്ക് അധികാരമുള്ളത്. മന്ത്രി പ്രോ വൈസ് ചാൻസിലർ സ്ഥാനത്തിരുന്നു നടത്തിയത് ചട്ടലംഘനമാണ്. മന്ത്രി നടത്തിയത് സുപ്രീംകോടതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.















