ഡൽഹി: റിയോ ഡി ജനീറോയിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ(FMM) ഭാരതത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ, പാർലമെൻ്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ പങ്കെടുക്കും. 2012 മുതൽ ജി20 വിദേശകാര്യ മന്ത്രിമാർ യോഗം ചേർന്നു വരുന്നു. 2024 ഫെബ്രുവരി 21-22 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്നത് വിദേശകാര്യ മന്ത്രിമാരുടെ പത്രാണ്ടമത്തെ യോഗമാണ്.
ആശങ്കാജനകമായ അന്തർദേശീയ പ്രശ്നങ്ങളെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും യോഗത്തിൽ വിവിധ രാജ്യത്തെ പ്രതിനിധികൾ ചർച്ച ചെയ്യും. 2023 ഡിസംബർ 1-ന് ഭാരതത്തിന്റെ പക്കൽ നിന്നും ജി20 അദ്ധ്യക്ഷ സ്ഥാനം ബ്രസീൽ ഏറ്റെടുത്തിരുന്നു. ബ്രസീലിന്റെ അദ്ധ്യക്ഷതയ്ക്ക് കീഴിലുള്ള ആദ്യത്തെ മന്ത്രിതല യോഗമായിരിക്കും ജി20 FMM. ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കുമൊപ്പം ജി20 ട്രോയിക്കയിൽ അംഗമാണ് ഭാരതം.
തന്റെ സന്ദർശന വേളയിൽ, രണ്ട് FMM സെഷനുകളിൽ വി. മുരളീധരൻ പങ്കെടുക്കും. ‘നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ G20 യുടെ പങ്ക്’, ‘ആഗോള ഭരണ പരിഷ്കരണം’ എന്നീ ചർച്ചകളിലാണ് വി. മുരളീധരൻ ഭാഗമാകുക. 2024 ഫെബ്രുവരി 22-ന് ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. എഫ്എംഎമ്മിന്റെ ഭാഗമായി ഗ്ലോബൽ സൗത്തിലെ പങ്കാളി രാജ്യങ്ങളുമായുള്ള ഉഭയകക്ഷി യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും.