രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ബോക്സോഫീസിൽ തരംഗം തീർത്ത് മുന്നേറുന്നു. പുറത്തുവന്ന പുതിയ കളക്ഷൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ചിത്രം ആഗോള ബോക്സോഫീസിൽ 50 കോടി പിന്നിട്ടെന്നാണ്. മമ്മൂട്ടിക്കൊപ്പം സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ അമാൽഡിയാസ് മണികണ്ഠൻ ആചാരി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായത്. ട്രേഡ് അനലിസ്റ്റുകളാണ് ചിത്രം 50 കോടി പിന്നിട്ടെന്ന് വ്യക്തമാക്കുന്നത്.
ആഖ്യാനത്തിലും അവതരണത്തിലും പുതിയ രീതി പരീക്ഷിച്ച ചിത്രം നിരൂപകരെയും ആരാധകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് തീമിലെത്തിയ ചിത്രം യുവ പ്രേക്ഷകർക്ക് സമ്മാനിച്ചത് വേറിട്ടൊരു അനുഭവമാണ്. മമ്മൂട്ടിക്കൊപ്പമോ ഒരുപിടി മുകളിലോ നിൽക്കുന്ന പ്രകടനങ്ങളായിരുന്നു സിദ്ധാർത്ഥിന്റേതും അർജുനിന്റേതും.
റെഡ് റെയിനും ഭൂതകാലത്തിനും ശേഷം മിസിട്രിയും ഹൊററർ എലമെന്റ്സും സമന്വയിപ്പിച്ച് രാഹുൽ സദാശിവൻ എഴുതി സംവിധാനം നിർവഹിച്ച് മെഗാസ്റ്റാർ ലീഡ് റോളിലെത്തിയ ഭ്രമയുഗം മലയാള സിനിമയിൽ പുതു പരീക്ഷണങ്ങൾക്ക് തയാറെടുക്കുന്നവർക്ക് പ്രചോദനമാണ്.