സൈനികരുടെ ജീവന് പകരം ചോദിച്ച് പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ഇന്ന് അഞ്ചാണ്ട്. പാകിസ്താൻ അതിർത്തിയിൽ കടന്നുകയറിയാണ് ഇന്ത്യ, ഭീകരക്യാമ്പുകൾ ബോംബിട്ട് തകർത്തത്.
40 ഇന്ത്യൻ ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ആക്രമണത്തിന് മറുപടിയായാണ് 2019 ഫെബ്രുവരി 26-ന് ഭാരതം തിരിച്ചടിച്ചത്. 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ നിയന്ത്രണ രേഖ കടന്ന് പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചത്. ജെയ്ഷെ-ഇ-മുഹമ്മദ് ഭീകര ക്യാമ്പിൽ നടത്തിയ സ്ഫോടനത്തിൽ ഏകദേശം മൂന്നൂറോളം ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ.
ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനശക്തിയും പാകിസ്താൻ വ്യോമസേനയുടെ ബലഹീനതയും വെളിപ്പെടുത്തുന്ന സംഭവമായിരുന്നു ബാലാകോട്ട് ഭീകരാക്രമണം. ഇസ്രായേൽ നിർമ്മിത സ്പൈസ്-2000 ബോംബുകളും റഷ്യൻ നിർമ്മിത ആർ-73 മിസൈലുകളുമുള്ള മിറാഷ്-2000, Su-30MKI എന്നീ യുദ്ധവിമാനങ്ങളുടെ സംയോജനമാണ് ബാലാകോട്ട് ക്യാമ്പിൽ ആക്രമണം നടത്താൻ ഐഎഎഫ് ഉപയോഗിച്ചത്. കൃത്യമായ ഇടപെടലിലൂടെയാണ് ഭീകരരെ കീഴ്പ്പെടുത്താനും വധിക്കാനും ഇന്ത്യക്കായത്.
വ്യോമാക്രമണത്തെ മികച്ച രീതിയിൽ നയിച്ചത് വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ ആയിരുന്നു. ആക്രമണത്തിന് പിറ്റേന്ന്, ഫെബ്രുവരി 27-ന് പാകിസ്താൻ ജെറ്റുകളുമായുള്ള ഡോഗ്ഫൈറ്റിൽ അദ്ദേഹത്തിന്റെ മിഗ് -21 ബൈസൺ ജെറ്റ് വെടിവച്ചിടുകയും പാക് സൈന്യം അദ്ദേഹത്തെ തടവിലാക്കുകയും ചെയ്തു. പാകിസ്താന്റെ എഫ് -16 യുദ്ധവിമാനം തകർത്തതിന് പിന്നാലെയായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം മാർച്ച് ഒന്നാം തീയതി അദ്ദേഹത്തെ ജനീവാ കരാർ പ്രകാരം വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചയച്ചു. നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ശ്രമങ്ങളും രാജ്യാന്തര സമൂഹത്തിന്റെ സമ്മർദ്ദങ്ങളും കണക്കിലെടുത്ത് പാകിസ്താൻ അദ്ദേഹത്തെ വിട്ടയക്കാൻ നിർബന്ധിതരാകുകയായിരുന്നു.















