ന്യൂഡൽഹി: കേന്ദ്രത്തിൽ ബിജെപി സർക്കാർ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്നാം ബിജെപി സർക്കാർ ജൂണിൽ ആരംഭിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ വേഗത ജനങ്ങളെ അത്ഭുതപ്പെടുത്തുന്നതാണെന്ന് വികസന പദ്ധതികളെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് ജനങ്ങൾ സാക്ഷിയായി. വന്ദേ ഭാരത് ട്രെയിനുകൾ എത്തിയത് പരാമർശിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. 41,000 കോടിയുടെ റെയിൽ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് രാജ്യത്തിന്റെ മാനസ് അറിയാൻ സാധിക്കുന്നുണ്ട്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് 400-ലധികം സീറ്റുകളും ബിജെപിക്ക് കുറഞ്ഞത് 370 സീറ്റുകളും ലഭിക്കും. ഇന്നത്തെ ശക്തമായ സമ്പദ്വ്യവസ്ഥയുടെ വേഗത നോക്കുമ്പോൾ ഇന്ത്യ പുരോഗമിക്കുകയാണെന്നും മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഇതാണ് മോദിയുടെ ഉറപ്പ് -പ്രധാനമന്ത്രി പറഞ്ഞു.