ജമ്മുകശ്മീരിലെ വിഘടനവാദത്തിനു ചാലകശക്തിയായിരുന്നത് അതിന്റെ പ്രത്യേക പദവിയാണ്. ഭാരത ചരിത്രത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നു ആർട്ടിക്കിൾ 370. ആ തെറ്റ് തിരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാരാണ്. മോദി സർക്കാരിന്റെ പത്തു വർഷത്തെ ഭരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് കാശ്മീർ താഴ്വരയിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഈ നിയമം റദ്ദാക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച മുന്നൊരുക്കങ്ങളും ഇതിനായി കശ്മീർ താഴ്വരയിൽ പ്രവർത്തിച്ച പ്രത്യേക സുരക്ഷാ സംഘത്തിന്റെ പോരാട്ടത്തിന്റെയും കഥയാണ് ‘ആർട്ടിക്കിൾ 370’ എന്ന സിനിമ.
ആദിത്യ സുഹാസ് ജംഭാലെ സംവിധാനം ചെയ്ത ബോളിവുഡ് സിനിമക്ക് ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയിട്ടും ആഗോള ബോക്സോഫീസിൽ മുന്നേറുകയാണ്. ചിത്രം ഒരാഴ്ചകൊണ്ട് 44 കോടിയാണ് നേടിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകരാണ് ഇക്കാര്യം പുറത്ത വിട്ടിരിക്കുന്നത്.
ഫെബ്രുവരി 23-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിൽ നടി യാമി ഗൗതം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സൂനി ഹക്‌സർ എന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് താരം എത്തുന്നത്. മലയാളികളുടെ പ്രിയ താരം പ്രിയാമണിയും ശ്രദ്ധേയമായ മറ്റൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രം പൂർണമായും ജമ്മു കശ്മീരിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദിത്യ ധർ, അർജുൻ ധവാൻ, സംവിധായകൻ ആദിത്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെ, ആദിത്യ ധാർ, ലോകേഷ് ധാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.















