ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി അമേരിക്കയിലെ ഫാർമസികൾ. ‘മൈഫെപ്രിസ്റ്റോൺ’ എന്ന പേരിലുള്ള ഗുളികയാണ് ഈ മാസം അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുക. അമേരിക്കയിൽ ഗർഭച്ഛിദ്രം നിയമവിധേയമായ സംസ്ഥാനങ്ങളിലാകും ഇവ വിതരണം ചെയ്യുക.
സിവിഎസ് വാൾഗ്രീൻസ് എന്നീ കമ്പനികളാണ് മരുന്ന് വിപണിയിലിറക്കുന്നത്. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതോടെയാണ് ഗുളിക വിൽക്കുന്നത്. ക്ലിനിക്കുകളിലും ടെലി മെഡിസിൻ സംവിധാനത്തിലൂടെയും ഗുളിക ലഭ്യമാകും. ന്യൂയോർക്ക്, പെൻസിൽവാനിയ, മസാച്യുസെറ്റ്‌സ്, കാലിഫോർണിയ, ഇല്ലിനോയിസ് എന്നിവിടങ്ങളിലെ പ്രധാന ഫാർമസികളിലാണ് സിവിഎസും വാൾഗ്രീൻസും ആദ്യം ഗുളിക പുറത്തിറക്കുക. രോഗികളുടെയും ഫാർമസി ജീവനക്കാരുടെയും സുരക്ഷയും സ്വകാര്യതയും പാലിച്ച് മാത്രമാകും മരുന്ന് വിതരണം ചെയ്യുകയെന്ന് ഇരു കമ്പനികളും വ്യക്തമാക്കി.
രണ്ട് തവണയായാണ് മരുന്ന് കഴിക്കേണ്ടത്. ഗർഭധാരണത്തിന് ആവശ്യമായ ഹോർമോണായ പ്രൊജസ്ട്രോണിനെ തടയുകയാണ് മൈഫെപ്രിസ്റ്റോൺ ചെയ്യുന്നത്. രണ്ടാമത്തെ ഗുളിക ഗർഭശയത്തെ ശൂന്യമാക്കുകയാണ് ചെയ്യുന്നത്.















