കൊൽക്കത്ത: എൻഡിഎ വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നതിനാൽ ഇൻഡി സഖ്യത്തിലെ നേതാക്കാന്മാരെല്ലാം പിരിമുറുക്കത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവർ തന്റെ കുടുംബത്തെ കുറിച്ചാണ് ചോദിക്കുന്നത്. തന്റെ കുടുംബമെന്നാൽ ഭാരതത്തിലെ 140 കോടി ജനങ്ങളാണെന്നും തന്റെ വളർത്തിയതും സംരക്ഷിച്ചതും അവരാണെന്നും നരേന്ദ്രമോദി പറഞ്ഞു. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്തിൽ സംഘടിപ്പിച്ച വനിതാ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിൽ ക്രൂരതകൾക്ക് ഇരയായ വനിതകളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
“എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പായതിനാൽ ഇൻഡി സഖ്യത്തിലെ നേതാക്കൾ ഭ്രാന്തന്മാരായി മാറിയിരിക്കുന്നു. അവർ വല്ലാത്ത പിരിമുറുക്കത്തിലാണ്. എനിക്ക് നേരെ അവർ അധിക്ഷേപങ്ങൾ ചൊരിയാൻ തുടങ്ങി. അവർ എന്റെ കുടുംബത്തെക്കുറിച്ച് ചോദിക്കുന്നു. ഞാൻ കുടുംബത്തിനെതിരെ പറയുന്നുവെന്നാണ് ഇൻഡി സഖ്യത്തിലെ നേതാക്കന്മാർ പറയുന്നത്. ഇവർക്ക് എന്റെ കുടുംബത്തെക്കുറിച്ച് അറിയണം പോലും. ഇവിടെ ഒത്തുകൂടിയേക്കുന്നവരാണ് എന്റെ കുടുബം. ഭാരതത്തിന്റെ നാരീശക്തി എന്നെ പിന്തുണയ്ക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു. അവർ എനിക്ക് സംരക്ഷണ കവചമായി നിലകൊള്ളുന്നു”.
“ചെറുപ്പത്തിൽ തന്നെ ഞാൻ എന്റെ വീട് വിട്ടുപോയതാണ്. ഞാൻ ഒരു സന്യാസിയെപ്പോലെ അലഞ്ഞുനടന്നു. പണമില്ല, എന്നിട്ടും ഒഴിഞ്ഞ വയറുമായി ഉറങ്ങിയ ഒരു ദിവസം പോലും എനിക്ക് ഉണ്ടായിരുന്നില്ല. ആ സമയങ്ങളിൽ പാവങ്ങൾ എന്നെ പരിപാലിച്ചു. ഈ രാജ്യത്തെ ഓരോ പൗരനുമായും എനിക്ക് ഒരു കുടുംബബന്ധം തോന്നുന്നു. എന്റെ സേവനം നിങ്ങൾക്കായി ഞാൻ സമർപ്പിക്കുകയാണ്. മോദിയുടെ ശരീരവും ജീവിതവും ഓരോ നിമിഷവും ഈ കുടുംബത്തിന് വേണ്ടി ഞാൻ സമർപ്പിക്കുന്നു. മോദിക്ക് എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ ഈ അമ്മമാരും സഹോദരിമാരും പെൺമക്കളും ഒരു കവചമായി നിൽക്കും”- പ്രധാനമന്ത്രി പറഞ്ഞു.