ലക്നൗ: ഭാരതത്തെയും സനാതനധർമത്തെയും അവഹേളിച്ച ഡിഎംകെ നേതാവ് എ രാജയുടെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ഹൈന്ദവ സമൂഹത്തിനെതിരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നവർ ദേശ വിരുദ്ധരാണെന്ന് ആചാര്യ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ വിമർശനം.
ഭഗവാൻ ശ്രീരാമനും ഭാരത മാതാവും ഒരു വിഭാഗം ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതല്ല. ഇത് എല്ലാവരുടേതുമാണ്. ജയ് ശ്രീറാം എന്ന നാമം ബിജെപിക്ക് മാത്രമുള്ളതല്ല. ഭാരതത്തിലെ എല്ലാവർക്കും വേണ്ടിയുള്ളതാണ്. രാജയുടെ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
ഭാരത മാതാവിനെയും ഭഗവാൻ ശ്രീരാമനെയും ഡിഎംകെയും തമിഴ്നാടും അംഗീകരിക്കില്ല എന്നായിരുന്നു രാജയുടെ വിവാദ പരാമർശം. ശ്രീരാമ ഭഗവാനെയും ഹനുമാനെയും വളരെ മോശം ഭാഷയിലാണ് ഡിഎംകെ നേതാവ് അധിക്ഷേപിച്ചത്. ഞങ്ങൾ രാമന്റെ ശത്രുക്കളാണെന്നും തനിക്ക് രാമായണത്തിലും രാമനിലും വിശ്വാസമില്ലെന്നും ഡിഎംകെ നേതാവ് പറഞ്ഞിരുന്നു.
എ രാജയുടെ വിവാദ പരാമർശത്തിന് പിന്നാലെ രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ ഉയരുകയാണ്. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്നുള്ള ഉദയനിധി സ്റ്റാലിന്റെ വിദ്വേഷ പരാമർശം വിവാദമായതിന് പിന്നാലെയാണ് വീണ്ടും ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള ഡിഎംകെ നേതാവിന്റെ പരാമർശം.