തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടരായാണ് നിരവധി പേർ ബിജെപിയിലേക്ക് എത്തുന്നതെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മറ്റുപാർട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ച് കേരളത്തിലും രാജ്യത്തും ബിജെപിയിൽ ചേർന്നവരുടെ എണ്ണം ഏറെയാണ്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസിന്റെ പതനം പൂർത്തിയാകും. പദ്മജയുടെ ബിജെപി പ്രവേശനത്തെ വിമർശിക്കുന്ന പലരും നാളെ ബിജെപിയിൽ ചേരും. കേരളത്തിൽ ബിജെപിക്കും നരേന്ദ്രമോദിക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പിൽ ഈ ജനപിന്തുണ പ്രതിഫലിക്കും. സിപിഎമ്മിന്റെ അക്രമത്തെയും മതഭീകരവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാൻ ബിജെപിക്കും എൻഡിഎക്കും മാത്രമേ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.
പദ്മജ ചതിച്ചെന്ന് പറയുന്ന മുരളീധരൻ കെ കരുണകരാനെ ചതിച്ച് സിപിഎമ്മിൽ പോയ വ്യക്തിയാണ്. മൂന്ന് പാർട്ടികളുടെ പ്രധാന ചുമതല വഹിച്ച മറ്റൊരു രാഷ്ട്രീയക്കാരൻ കേരളത്തിലില്ല. മുരളീധരന്റെ വാദങ്ങളൊന്നും വിശ്വാസയോഗ്യമല്ല, വടകരയിലും അദ്ദേഹത്തിന് തിരിച്ചടി ഉണ്ടാകും. സിപിഎമ്മിനെയും കോൺഗ്രസിനെയും പോലെ വരുന്നവരെ കറിവേപ്പില പോലെ വലിച്ചെറിയുന്ന പാർട്ടിയല്ല ബിജെപി. എല്ലാവർക്കും അർഹമായ പരിഗണന നൽകും. കോൺഗ്രസിനെ ചതിക്കുന്നത് കോൺഗ്രസുകാരാണ്. കോൺഗ്രസിനെയും സിപിഎമ്മിനെയും എതിരാളികളായി കാണേണ്ട കാര്യമല്ല, അവർ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭിമന്യു കൊലപാതക കേസിലെ പ്രതികൾക്ക് സംരക്ഷണം നൽകുന്നത് സിപിഎമ്മാണ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുഖമായി സിപിഎം മാറി. കേസിലെ നിർണായക രേഖകൾ എങ്ങനെയാണ് കാണാതെ പോയതെന്ന് ആഭ്യന്തരവകുപ്പിന്റെ തലവൻ കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. മതഭീകരവാദികൾക്ക് കോടതി മുറികളിലും പ്രോസിക്യൂഷൻ ഓഫീസിലും കയറി ഇറങ്ങാൻ എങ്ങനെ കഴിഞ്ഞെന്ന് മുഖ്യമന്ത്രിയും സിപിഎമ്മുമാണ് മറുപടി പറയേണ്ടത്. അഭിമന്യു കൊല ചെയ്യപ്പെട്ട നാൾ മുതൽ ഇതാണ് സംഭവിക്കുന്നത്. അഭിമന്യുവിന്റെ കൊലപതാക കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന്റെ തെളിവാണിത്. അഭിമന്യുവിന്റെ പണം പിരിച്ചു വിഴുങ്ങിയ പാർട്ടിയാണ് ഇപ്പോൾ കേസ് അട്ടിമറിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.