ന്യൂഡൽഹി: ബംഗാളിൽ ഇൻഡി മുന്നണിയെ തഴഞ്ഞ് എല്ലാ സീറ്റുകളിലും തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല. മമത ബാനർജി ഏകപക്ഷീയമായി എല്ലാ സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരിക്കേണ്ടി അവസ്ഥയിലാണെന്നും ഷെഹ്‌സാദ് പറഞ്ഞു. കോൺഗ്രസിന്റെ അനുനയ നീക്കങ്ങൾ തള്ളിക്കൊണ്ടാണ് 42 സീറ്റുകളിലും തൃണമൂൽ സ്വന്തം നിലക്ക് സ്ഥാനാർത്ഥികളെ നിർത്തിയത്.
” രാഹുൽ ഗാന്ധി എവിടെ എല്ലാം പോയോ, അവിടെ എല്ലാം ഇൻഡി സഖ്യം അന്ത്യശ്വാസം വലിച്ചിരിക്കുകയാണ്. യാതൊരു ലക്ഷ്യമോ കാഴ്‌ച്ചപ്പാടോ ഇല്ലാതെ അഴിമതിയും അധികാരമോഹവും മാത്രമാണ് ആ മുന്നണിയിൽ ഉള്ളവർക്കുള്ളത്. എല്ലായിടത്തും എന്തു ചെയ്യണമെന്നറിയാതെ വലിയ ആശയക്കുഴപ്പത്തിലാണ് അവിടെ ഉള്ളവർ ഉള്ളത്. മഹാരാഷ്‌ട്രയിൽ കോൺഗ്രസ് വട്ടപ്പൂജ്യമാണെന്നാണ് സഞ്ജയ് റാവത്ത് പറയുന്നത്. ഡൽഹിയിൽ സഖ്യമുണ്ടായിട്ടും, പഞ്ചാബിൽ കോൺഗ്രസ് ഒറ്റയ്‌ക്കാണെന്നാണ് ഭഗവന്ത് മൻ പറയുന്നത്.
ബംഗാളിലും ഇപ്പോൾ സഖ്യം അവസാനിച്ചിരിക്കുകയാണ്. ബിഹാറിലും ഉത്തർപ്രദേശിലും ഇൻഡി മുന്നണിയിലെ കക്ഷികൾ അവരെ വിട്ടുമാറിയിരിക്കുകയാണ്. മമതയ്‌ക്ക് ഒരിക്കലും രാഹുലിൽ വിശ്വാസം ഉണ്ടായിട്ടില്ല. അവർക്ക് ഇൻഡി മുന്നണിയിലും വിശ്വാസമില്ല. ഇതൊക്കെയാണ് സഖ്യത്തിന്റെ അവസ്ഥ. രാജ്യം മുഴുവൻ ശ്രദ്ധിച്ച സന്ദേശ്ഖാലി വിഷയത്തെ കുറിച്ചും കോൺഗ്രസ് യാതൊന്നും സംസാരിക്കാൻ തയ്യാറായിട്ടില്ല. തന്ത്രപരമായ രീതിയിൽ അവർ മൗനം പാലിക്കുകയാണ്. പ്രിയങ്ക വദ്രയും രാഹുൽ ഗാന്ധിയുമെല്ലാം ഷെയ്ഖ് ഷാജഹാനെ കുറിച്ച് മൗനം പാലിക്കുകയാണ്. ഹിന്ദു സ്ത്രീകൾ പൈശാചികമായ രീതിയിൽ ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ആരും സംസാരിക്കാൻ തയ്യാറാകില്ലെന്നും” ഷെഹ്‌സാദ് പൂനവാല ആരോപിച്ചു.















