പത്തനംതിട്ട: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അഴിമതി മറയ്ക്കുന്നതിനായി അധികാരം ദുർവിനിയോഗം ചെയ്യുകയാണ് പിണറായി സർക്കാരെന്ന് അദ്ദേഹം വിമർശിച്ചു. പത്തനംതിട്ടയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
‘മാസപ്പടിയിൽ മുഖ്യമന്ത്രി സത്യം തുറന്നു പറയണം. അഴിമതി കേസുകൾ വഴിതിരിച്ചുവിടുന്നതിന് വേണ്ടിയാണ് പൗരത്വ ഭേദഗതിക്കെതിരെ സിപിഎം
പ്രക്ഷോഭം നടത്തുന്നത്. വർഗീയ മുതലെടുപ്പിനുള്ള ശ്രമമാണിത്. മതന്യൂനപക്ഷ സമുദായത്തെ കബളിപ്പിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്’.
‘എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ നിന്നും കൂടുതൽ പേർ ബിജെപിയിൽ ചേരും. കേരളത്തിൽ അംഗീകരിക്കില്ല എന്ന് പിണറായി പറഞ്ഞ കാര്യങ്ങളൊക്കെ ഇവിടെ നടപ്പിലാക്കി. ജിഎസ്ടി, ദേശീയ വിദ്യാഭ്യാസ നയം, മുത്തലാഖ് ഇവയൊക്കെ അതിന് മികച്ച ഉദാഹരണങ്ങളാണ്’-സുരേന്ദ്രൻ പറഞ്ഞു.