തിരുവനന്തപുരം: പുൽവാമയിലെ സൈനികരുടെ വീരമൃത്യുവിനെ അവഹേളിച്ച ആന്റോ ആന്റണി എംപിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുൽവാമ ഭീകരാക്രമണം സർക്കാർ സൃഷ്ടിയാണെന്നും പുൽവാമയിൽ പാകിസ്താന് പങ്കില്ല എന്നുമായിരുന്നു ആന്റോ ആന്റണിയുടെ വിവാദ പരാമർശം. ഈ പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് കോൺഗ്രസ് എംപി മാപ്പ് പറയണമെന്ന് കെ.സുരേന്ദ്രൻ തുറന്നടിച്ചു. അല്ലാത്തപക്ഷം ആന്റോ ആന്റണിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“നാടിന്റെ അതിർത്തി കാക്കാൻ വീരമൃത്യു വരിച്ച ധീരജവാന്മാരേയും അവരുടെ കുടുംബാംഗങ്ങളേയും ഈ രാജ്യത്തേയുമാണ് ആന്റോ ആന്റണി അപമാനിച്ചിരിക്കുന്നത്. ഭീകരവാദികളുടെ കയ്യടി വാങ്ങാനും നാലുവോട്ടിനും വേണ്ടി ഈ നാടിനെ ഒറ്റുകൊടുക്കുകയാണ് തുടർച്ചയായി കോൺഗ്രസ് നേതാക്കൾ. ആന്റോ ആന്റണി പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പു പറയണം. അതിന് തയ്യാറായില്ലെങ്കിൽ അദ്ദേഹത്തെ അറസ്റ്റു ചെയ്ത് നിയമനടപടി സ്വീകരിക്കണം. കോൺഗ്രസിന്റെ കേന്ദ്രസംസ്ഥാന നേതാക്കൾ ഇക്കാര്യത്തിൽ എന്തു പറയുന്നു എന്ന് കേൾക്കാൻ ജനങ്ങൾ കാത്തിരിക്കുന്നു”-സുരേന്ദ്രൻ പ്രതികരിച്ചു.