കാസർകോട്: ചാലിങ്കാലിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇരുപതോളം യാത്രികർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മധൂർ രാംനഗർ സ്വദേശി ചേതൻ കുമാറാണ് മരിച്ചത്.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദേശീയപാതയിലാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഏറെ നേരം ഇവിടെ ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്നും മാറ്റിയ ശേഷം അഗ്നിരക്ഷാസേന എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.