മാറുന്ന യുദ്ധസാഹചര്യങ്ങളെ സാങ്കേതിക വിദ്യയിലൂടെ തിരിച്ചറിഞ്ഞ് ശക്തമായി പ്രതിരോധം തീർക്കാൻ സഹായിക്കുന്ന എലൈറ്റ് യൂണിറ്റ് സജ്ജമാക്കി ഇന്ത്യൻ സൈന്യം. പ്രതിരോധ മേഖലയിൽ 6ജി, നിർമിത ബുദ്ധി, മെഷീൻ ലേണിംഗ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് പഠനങ്ങൾ നടത്തുന്നതിനായാണ് എലൈറ്റ് യൂണിറ്റിനെ സൈന്യം നിയോഗിച്ചത്.
സിഗ്നൽ ടെക്നോളജി ഇവാലുവേഷൻ ആൻഡ് അഡാപ്റ്റേഷൻ ഗ്രൂപ്പ് -STEAG എന്ന പേരിലാണ് ഇന്ത്യൻ സൈന്യം എലൈറ്റ് ഗ്രൂപ്പിനെ സജ്ജമാക്കിയിരിക്കുന്നത്. വയർഡ്, വയർലെസ് സംവിധാനങ്ങളിൽ വ്യാപിച്ച് കിടക്കുന്ന സാങ്കേതികവിദ്യകൾ പരിപോഷിപ്പിക്കുന്നതിന് STEAG നിർണായകമാകും. ഭാവിയിലെ യുദ്ധ-പ്രതിരോധ സംവിധാനങ്ങളെ കുറിച്ച് പഠിച്ച് വിശകലനം ചെയ്യും.
സൈന്യത്തിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാകും ഇത്. ഗവേഷണ മേഖലയിലും വ്യാവസായിക മേഖലയിലും സഹകരണം വളർത്തിയെടുക്കുന്നതിൽ ഇത് പ്രധാന പങ്ക് വഹിക്കും. പ്രതിരോധത്തിനായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ആപ്ലിക്കേഷനുകൾ അവതരിപ്പിക്കും. അതുവഴി അത്യാധുനിക പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും. ഇലക്ട്രോണിക് എക്സ്ചേഞ്ചുകൾ, മൊബൈൽ കമ്മ്യൂണിക്കേഷൻസ്, സോഫ്റ്റ്വെയർ അധിഷ്ഠിതമായ റേഡിയോകൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റങ്ങൾ, 5ജി, 6ജി നെറ്റ്വർക്കുകൾ, ക്വാണ്ടം സാങ്കേതികവിദ്യകൾ, എഐ, മെഷീൻ ലേണിംഗ് തുടങ്ങി വരാനിരിക്കുന്ന എല്ലാ നിർണായക സാങ്കേതിക ഡൊമെയ്നുകളിലും എലൈറ്റ് യൂണിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
ആത്മനിർഭർ ഭാരകത്, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നീ ദർശനങ്ങളുടെ സമന്വയമാകും STEAG. സായുധ സേനയും വ്യവസായരംഗവും തമ്മിലുള്ള ഭിന്നത കുറയ്ക്കുന്നതിനും ഇത് സഹായിക്കും. സൈനിക പ്രവർത്തനങ്ങളിൽ ആശയവിനിമയം പ്രധാനഘടകമാണ്. മികച്ച രീതിയിൽ ആശയവിനിമയം നടത്തി ശത്രുവിനെ ഭസ്മമാക്കാൻ സൈനികർക്ക് ആവശ്യമായ പിന്തുണ നൽകാൻ പുത്തൻ സംവിധാനത്തിനാകുമെന്നാണ് വിലയിരുത്തൽ.