ന്യൂഡൽഹി: ട്രെയിൻ ഓടിക്കുമ്പോൾ ലോക്കോപൈലറ്റുമാർ ചെയ്യുന്ന അധികജോലികൾ ഒഴിവാക്കി റെയിൽവേ. ഇതുമായി ബന്ധപ്പെട്ട സുപ്രധാന നിർദേശം വിവിധ സോണുകൾക്ക് റെയിൽവേ ബോർഡ് കൈമാറി.
നിലവിൽ മെമ്മോ ബുക്ക്, എഞ്ചിന് ലോഗ് ബുക്ക് എന്നിവയിൽ വിവരങ്ങൾ രേഖപ്പെടുത്തുന്നത് ലോക്കോ പൈലറ്റുമാരാണ്. വിവിധ സ്റ്റേഷനുകളിൽ ട്രെയിൻ എത്തിയതും പുറപ്പെട്ടതുമായ സമയം രേഖപ്പെടുത്താനാണ് മെമ്മോ ബുക്ക് ഉപയോഗിക്കുന്നത്. ജോലിസമയമാണ് എഞ്ചിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തുക. ഇതിന്റെ ചുമതലയിൽ നിന്നും ലോക്കോ പൈലറ്റുമാരെ ഒഴിവാക്കിയാൽ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനാകുമെന്ന് വിലയിരുത്തിയാണ് നിർദേശം.
ഇത്തരം വിവരങ്ങൾ എളുപ്പത്തിൽ രേഖപ്പെടുത്തുന്നതിനായി സോണുകൾ ഒരു മാതൃക തയാറാക്കണമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.