തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടേറുമ്പോൾ തീരദേശ മേഖലകളിൽ പ്രദേശവാസികൾ പ്രധാന വിഷയമായി ഉന്നയിക്കുന്നത് തീരശോഷണവും കടലാക്രമണ ഭീതിയുമാണ്. വെറുമൊരു പരിഹാരമല്ല, മറിച്ച് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങൾ തിരുവനന്തപുരം എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുന്നത്.
കടലാക്രമണം മൂലം ഇല്ലാതായ തീരങ്ങൾ വീണ്ടെടുക്കണം. ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ചു കടൽക്ഷോഭം കുറക്കാൻ കഴിയണം. ഇതിന് ഡ്രെഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സഹായം ലഭ്യമാക്കണം. പൊഴിയൂർ മുതൽ വെട്ടുകാട്, ശംഖുമുഖം വരെയുള്ള തീരപ്രദേശങ്ങളെ രക്ഷിക്കാൻ കാര്യമായ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങൾ രാജീവ് ചന്ദ്രശേഖറോട് ആവശ്യപ്പെടുന്നത്.
തീരശോഷണം മൂലം തീരദേശവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസ്സിലായെന്നും പരിഹാര നടപടികൾ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി തിരുവനന്തപുരത്തെ തീരമേഖലയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്റെയും സഹായങ്ങൾ ഉറപ്പാക്കും. തീരദേശവാസികൾക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. വലിയതുറയിൽ പ്രദേശവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ കേൾക്കാൻ ഏറെ സമയം ഇവിടെ ചെലവിട്ടായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ തെരഞ്ഞെടുപ്പ് പര്യടനം.
സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വെറും വാക്കിൽ മാത്രമാണ് അവരുടെ വാഗ്ദാനങ്ങളെന്നും പ്രദേശവാസികൾ പറയുന്നു. കാര്യമായ പഠനങ്ങളോ നിർദ്ദേശങ്ങളോ ഇതുവരെ ഇവിടെ ഉണ്ടായിട്ടില്ലെന്നും അവർ പറയുന്നു. കേന്ദ്ര സർക്കാരിന്റെ സാഗർ മാല പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് അവർ.