പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിപരമായി പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞു. ഞാൻ വളർന്ന സാഹചര്യത്തിൽ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റി.
എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് നരേന്ദ്ര മോദി എന്ന പേര് കേൾക്കുന്നത്. വളരെ ദയനീയമായിരുന്ന അഹമ്മദാബാദിന്റെ തെരുവുകളെ മാറ്റി മറിച്ചത് അദ്ദേഹത്തിന്റെ ഭരണക്കാലത്താണ്. മഴ പെയ്താൽ ചളി നിറയുന്ന വഴികളെ കുറിച്ച് കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം മുഖ്യമന്ത്രിക്ക് കത്തയച്ചു. തുടർന്നാണ് പ്രശ്നം പരിഹരിക്കാനായത്. ജനങ്ങളിലേക്ക് അത്രമാത്രം ഇറങ്ങി ചെന്ന്, അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നയാളാണ് നരേന്ദ്ര മോദി. എന്റെ ജീവിതത്തിലുണ്ടായ, ഞാൻ അനുഭവിച്ച പോസറ്റീവ് ആയിട്ടുള്ള കാര്യങ്ങളിലൂടെയാണ് ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേതൃത്വത്തെയും അറിഞ്ഞത്. ഇതിനെയാണ് ബിജെപി പ്രചരണമെന്നൊക്കെ പറയുന്നതെന്നും ഉണ്ണി ആരോപിച്ചു.
നമ്മുടെ മുന്നിലൂടെ വളർന്നു വരുന്ന ഒരാൾ പ്രധാനമന്ത്രി ആയതിലും സന്തോഷമാണുള്ളത്. കേരള സന്ദർശനത്തിനെത്തിയ വേളയിൽ ഗുജറാത്തിയിൽ സംസാരിച്ച് തന്നെ പരിചയപ്പെടുത്തിയത് വലിയ കാര്യമായാണ് അനുഭവപ്പെട്ടത്. രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോഴും പിറന്നാളാശംസ നേരുമ്പോഴൊക്കെ വ്യക്തിപരമായ അക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാക്കുന്നില്ല. ഇത് പിന്നെ ഞാൻ ചെയ്യുന്ന സിനിമയിലേക്ക് എത്തിക്കുന്നു. മതപരമായ കാര്യങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതാണ് കേരളത്തിലെ പ്രവണതയെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണ് പ്രധാനമന്ത്രിയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചത്. കൃഷ്ണവിഗ്രഹമായിരുന്നു താരം പ്രധാനസേവകന് സമ്മാനിച്ചത്. തിരികെ മോനെ എങ്ങനെയുണ്ടെന്ന് അർത്ഥം വരുന്ന ”ഭൈലാ കേം ചോ”എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യം കേട്ട് ഉണ്ണി അമ്പരന്നു. 24 വർഷത്തോളം ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണിയോട് അഹമ്മദഹാദിലെ വിശേഷങ്ങൾ പങ്കിട്ടാണ് ഇരുവരും പിരിഞ്ഞത്.