ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കർസേവാ പ്രമുഖിനെ വെടിവെച്ച് കൊലപ്പെടുത്തി. മുഖംമൂടി ധരിച്ചെത്തിയ രണ്ട് പേരാണ് യുവാവിന് നേരെ വെടിയുതിർത്തത്. ബാബ ടാർസെം സിംഗ് എന്നയാളാണ് മരിച്ചത്. ഗുരുദ്വാരയിലെ നാനക്മട്ടയിൽ ഇന്ന് രാവിലെ 6.30 ഓടെയാണ് വെടിവെപ്പ് ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വെടിയേറ്റ ഉടൻ തന്നെ ബാബ ടാർസെം സിംഗിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വളരെ ഗുരുതരമായ വിഷയമാണെന്നും കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.