ലാഹോർ: നിയമവിരുദ്ധമായി പൊലീസ് യൂണിഫോം ധരിച്ചതിന്റെ പേരിൽ കുരുക്കിലായി പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രി മറിയം നവാസ്. ലാഹോറിൽ പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുക്കവേയാണ് മറിയം പൊലീസ് യൂണിഫോം ധരിച്ചത്.
മറിയം പൊലീസ് യൂണിഫോം ധരിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്ന് ആരോപിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്. പൊലീസിന്റെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ സാധാരണക്കാരിയായ മറിയത്തിന് അവകാശമില്ലെന്നും ഹർജിയിൽ പറയുന്നു. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 29ലേക്ക് മാറ്റി. പൊലീസിന്റെ ഔദ്യോഗിക വസ്ത്രം ധരിച്ച് പൊലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് വിജയം നേടിയവർക്ക് മറിയം നവാസ് ഗാർഡ് ഓഫ് ഓണർ നൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.അതേസമയം മറിയത്തിന്റെ പ്രവർത്തിയെ ന്യായീകരിച്ച് കൊണ്ട് പാക് പൊലീസും രംഗത്തെത്തിയിട്ടുണ്ട്.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കഴിഞ്ഞ ഫെബ്രുവരിയിലാണ് മറിയം നവാസ് ചുമതലയേൽക്കുന്നത്. സ്ഥാനമേറ്റ ശേഷം മറിയം ഇതാദ്യമായല്ല വിവാദങ്ങളിൽ അകപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ 18 ന് മറിയം നവാസിന്റെ വാഹനവ്യൂഹം ഇടിച്ച് ഒരു വഴിയാത്രക്കാരൻ കൊല്ലപ്പെട്ടിരുന്നു. പ്രശ്നത്തിൽ നഷ്ടപരിഹാരം നൽകിയാണ് മറിയം തടിയൂരിയത്.