ആലപ്പുഴ: പരിശീലനത്തിനായി എത്തിയ യുവതികളിൽ നിന്നും പണം തട്ടിയ സംഭവത്തിൽ ജിം ഉടമ പിടിയിൽ. ഹരിപ്പാട് ടൗൺ ഹാൾ ജംഗ്ഷന് സമീപം ജിംനേഷ്യം നടത്തി വരുന്ന ജിപ്സൺ ജോയിയാണ് പിടിയിലായത്.
സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇത് തീർക്കാൻ പണം തന്ന് സഹായിക്കണമെന്നും ജിമ്മിൽ വന്ന യുവതികളോട് ഇയാൾ പറഞ്ഞു. പകരമായി ജിമ്മിന്റെ പാർട്ണർഷിപ്പിൽ ചേർക്കാമെന്നായിരുന്നു നൽകിയ വാഗ്ദാനം. ഇത് വിശ്വസിച്ച യുവതികൾ പണം നൽകി സഹായിക്കുകയായിരുന്നു.
എന്നാൽ ഇതിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നുകളഞ്ഞു. ഇതോടെ യുവതികൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് വിദേശത്ത് നിന്ന് ജിപ്സൺ തിരിച്ചെത്തിയതോടെ പൊലീസ് പിടികൂടി.