തിരുവനന്തപുരം: കേരളതീരത്ത് നാളെ രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ 0.5 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തമിഴ്നാട് തീരത്തും കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാൽ കേരളതീരത്തും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിനായി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് കുറയ്ക്കണമെന്നും നിർദ്ദേശം നൽകി. കടലാക്രമണ സാധ്യതയുള്ളതിനാൽ അധികൃതരുടെ നിർദേശ പ്രകാരം പ്രദേശവാസികൾ മാറി താമസിക്കണമെന്നും കടലിലേക്കുള്ള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.