ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ഭാഗത്ത് നിന്നുണ്ടായ പല തെറ്റുകളും ഇന്ത്യയുടെ ചില ഭാഗങ്ങൾ ചൈന കൈവശപ്പെടുത്തുന്നതിന് കാരണമായെന്ന വിമർശനവുമായി കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ രണ്ടാമത് മതി, ചൈന ഫസ്റ്റ് എന്ന് പറഞ്ഞിരുന്ന ഒരു സമയം നെഹ്‌റുവിന് ഉണ്ടായിരുന്നു. പാക് അധീന കശ്മീർ ഉണ്ടായതിന് പിന്നിലും ഇന്ത്യയുടെ ഭാഗങ്ങളിൽ ചൈന അധിനിവേശം നടത്തിയതിന് പിന്നിലും നെഹ്‌റുവിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റുകളാണ് പ്രധാന കാരണമെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
” 1950ൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേൽ ചൈനയുടെ ഗൂഢലക്ഷ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നെഹ്‌റുവിന് മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുടേയും പാകിസ്താന്റേയും നിലപാടുകളിൽ സംശയമുണ്ടെന്നും മുൻകരുതൽ സ്വീകരിക്കണമെന്നുമാണ് പട്ടേൽ ആവശ്യപ്പെട്ടത്. എന്നാൽ നെഹ്‌റു ഈ തീരുമാനത്തോട് പൂർണമായും വിയോജിപ്പ് കാണിച്ചു.
സർദാർ പട്ടേൽ അനാവശ്യമായി ചൈനക്കാരെ സംശയിക്കുന്നുവെന്നായിരുന്നു നെഹ്‌റുവിന്റെ വാദം. കുറച്ച് വർഷങ്ങൾക്ക് ശേഷം ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വാഗ്ദാനം ചെയ്ത് ചർച്ച നടന്നു. അന്ന് നെഹ്‌റുവിന്റെ മറുപടി ഇതായിരുന്നു. ഇന്ത്യ സീറ്റ് അർഹിക്കുന്നുണ്ട്. എന്നാൽ ചൈനയ്‌ക്ക് അതിന് മുൻപ് അവിടെ അംഗത്വം കിട്ടുമെന്ന് ഉറപ്പാക്കണം. അതായത് സ്വന്തം രാജ്യത്തെക്കാൾ നെഹ്‌റു അന്ന് ചൈനയ്‌ക്കാണ് പ്രാധാന്യം കൊടുത്തത്.
എന്നാൽ പ്രധാനമന്ത്രി രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് മാത്രമാണ് എന്നും പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഇന്ന് നമ്മുടെ അതിർത്തികളെ കുറിച്ച് മറ്റ് ചിലർ സംസാരിക്കുമ്പോൾ അത് തിരുത്താൻ നമ്മൾക്ക് കഴിയുന്നുണ്ട്. നമ്മുടെ സ്വന്തം അതിർത്തികളിൽ യാതൊരു വിധത്തിലും സംശയം കൊടുക്കേണ്ട കാര്യമില്ല. പാക് അധീന കശ്മീരിനെ സംബന്ധിച്ചുള്ള പാർലമെന്റ് പ്രമേയത്തെ എല്ലാവരും മാനിക്കണം. എന്നാൽ മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകൾ ഇനിയൊരിക്കലും സംഭവിക്കാതെ നോക്കേണ്ടത് അത്യാവശ്യമാണെന്നും” ജയശങ്കർ പറയുന്നു.















