തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാഴാഴ്ച (നാളെ) ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം. രാത്രി 11.30 വരെ കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾ കടലിൽ പോവുമ്പോൾ ജാഗ്രത പാലിക്കണമെന്നും തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കടൽ പെട്ടന്ന് കരയിലേക്ക് അടിച്ചു കയറുന്ന പ്രതിഭാസമാണ് കള്ളക്കടൽ പ്രതിഭാസം.
ഇത്തരം സാഹചര്യങ്ങളിൽ കടൽ ഉൾവലിയുകയും അതുപോലെ തന്നെ പെട്ടന്ന് കരയിലേക്ക് അടിച്ചു കയറുകയും ചെയ്യും. പ്രതിഭാസം നിലനിൽക്കുന്ന സാഹചര്യത്തിൽ കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ നിർത്തി വയ്ക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.