തിരുവനന്തപുരം: സർക്കാർ വിദ്യാലയങ്ങളിൽ സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതവുമായ പഠനരീതി നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയാണ് പി എം ശ്രീ. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യമുള്ള സ്കൂളിന് നിശ്ചിത കാലയളവിൽ മികവ് തെളിയിക്കാൻ ഒരു കോടി രൂപ വരെ ധനസഹായം പദ്ധതി വഴി ലഭിക്കും. ഇതിനായി സംസ്ഥാനങ്ങൾ ധാരണാപത്രം ഒപ്പിടണം. അംഗീകരിക്കില്ലെന്ന ഇടത് സർക്കാരിന്റെ വാശി കാരണം കേരളം ഇതിന് തയ്യാറായിരുന്നില്ല.
ഏറെ വിവാദങ്ങൾക്കൊടുവിൽ കേരളവും പദ്ധതി നടപ്പാക്കാമെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. മുൻ നിലപാടിൽ നിന്ന് മാറി ചിന്തിക്കാൻ കേരളം തയ്യാറായത് കേന്ദ്ര ഫണ്ട് ലക്ഷ്യം വച്ചാണെന്നാണ് വി ശിവൻകുട്ടി തന്നെ തുറന്നു സമ്മതിക്കുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാത്രമാകും പദ്ധതി നടപ്പിലാക്കുകയെന്നാണ് മന്ത്രി ഇപ്പോഴും പറയുന്നത്.
കേരളത്തിൽ 332 സ്‌കൂളുകൾക്കാണ് പി എം-ശ്രീ പദ്ധതിയുടെ ഗുണം ലഭിക്കുക. അഞ്ച് വർഷത്തേക്ക് കേന്ദ്ര വിഹിതമായി 1,008 കോടി രൂപ ലഭിക്കും. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 978.53 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകുമെന്നും മന്ത്രി വിശദമാക്കി. സമഗ്രശിക്ഷ, കേന്ദ്രീയ വിദ്യാലയ സംഘടൻ, നവോദയ വിദ്യാലയ സമിതി എന്നിവയിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വരുന്ന അധ്യയന വർഷം സമഗ്ര ശിക്ഷാ കേരളത്തിനുള്ള ഫണ്ടിൽ നിന്ന് 187.78 കോടി രൂപയാണ് നഷ്ടമാകുക. സ്റ്റാർസ് പദ്ധതിയിൽ 165.40 കോടിയും 2024-25 അധ്യയന വർഷം എസ്എസ്കെ ഫണ്ടിൽ ലഭിക്കേണ്ട 385.35 കോടി രൂപയും നഷ്ടമാകും. ഈ വലിയ സാമ്പത്തിക നഷ്ടത്തെ മറികടക്കാനാണ് കേരളം വഴങ്ങിയതെന്നാണ് മന്ത്രിയുടെ പ്രതികരണം നൽകുന്ന സൂചന.















