തൃശൂർ: വടക്കഞ്ചേരി വനവാസി ഊരിൽ നിന്നും കാണാതായ പുരുഷനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. വടക്കഞ്ചേരി കൊടുമ്പിൽ നിന്ന് കാണാതായ സിന്ധു(35), ടാപ്പിംഗ് തൊഴിലാളിയായ വിനോദ് (58) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് 27 മുതലാണ് ഇരുവരേയും കാണാതാകുന്നത്.
തൃശൂർ മണിയൻകിണർ വനമേഖലയിൽ നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം വിനോദ് ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക വിവരം. വിനോദിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരെയും കണ്ടെത്താനായി വനത്തിനുള്ളിൽ പ്രത്യേക സംഘം അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.