ബാറ്റർ ഉസ്മാൻ ഖാനെ അഞ്ചു വർഷത്തേക്ക് വിലക്കി യു.എ.ഇ. പാകിസ്‌താൻ ക്യാമ്പിൽ ജോയിൻ ചെയ്തതിന് പിന്നാലെയാണ് താരത്തെ എമിറേറ്റ്സ് ക്രിക്കറ്റ് വിലക്കിയത്. യു.എ.ഇയിൽ താമസിക്കുന്ന താരം എമിറേറ്റ്സ് ക്രിക്കറ്റിനെ പ്രതിനിധീകരിക്കാനിരിക്കെയാണ് പാകിസ്താൻ ക്യാമ്പിൽ ജോയിൻ ചെയ്യുന്നത്.
കഴിഞ്ഞ മാസം അവസാനിച്ച പാകിസ്താൻ സൂപ്പർ ലീഗിൽ ഉസ്മാൻ ഖാൻ തുടരെ തുടരെ സെഞ്ച്വറി അടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 28-കാരനെ പാകിസ്താൻ ക്യാമ്പിലേക്ക് ക്ഷണിക്കുന്നത്. യു.എ.ഇ ക്രിക്കറ്റ് ബോർഡിന്റെ കരാറുകൾ ഇയാൾ ലംഘിച്ചെന്ന് അവർ പ്രസ്താവനയിൽ അറിയിച്ചു.
യു.എ.ഇ ക്രിക്കറ്റ് ബോർഡ് നൽകിയ സൗകര്യങ്ങൾ വിനിയോഗിച്ച് പരിശീലനം നടത്തിയ ഇയാൾ രാജ്യത്തിനായി കളിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചതായി വിശദ അന്വേഷണത്തിൽ ബോദ്ധ്യമായി. പാകിസ്താനിൽ ജനിച്ച താരം ന്യൂസിലൻഡിനെതിരെയുള്ള പരമ്പരയും ടി20 ലോകകപ്പും ലക്ഷ്യമിട്ടാണ് പാകിസ്താൻ ടീമിലേക്ക് ചേക്കേറുന്നത്.