തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറഞ്ഞു.
ഞായറാഴ്ച (നാളെ) പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. എട്ടാം തീയതി പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 9-ാം തീയതി എല്ലാ ജില്ലയിലും മഴ പെയ്യാൻ സാധ്യതയുള്ളതായാണ് പ്രവചനം.
കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുന്നതിനാൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രികാലങ്ങളിൽ മത്സ്യബന്ധനം നടത്തുന്നത് ഒഴിവാക്കണമെന്നും തീരദേശവാസികൾ ജാഗ്രതപാലിക്കണമെന്നും നിർദേശം നൽകി. കടലിലേക്കുള്ള വിനോദസഞ്ചാരങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്.