ട്രാൻസ്ജെൻഡറുകൾ ട്രാഫിക് സിഗ്നലുകളിൽ കൂട്ടം കൂടുന്നതും യാത്രക്കാരിൽ നിന്നും നിർബന്ധമായി പണം ആവശ്യപ്പെടുന്നതും വിലക്കി പൂനെ പൊലീസ്. കമ്മിഷണർ അമിതേഷ് കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസിന് ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവെന്ന് അദ്ദേഹം പറഞ്ഞു. സി.ആർ.പി.സി 144 വകുപ്പ് പ്രകാരമുള്ള നടപടിയാണിത്.
” ആഘോഷങ്ങളിലും ജനന, മരണ വേളകളിലും ട്രാൻസ്ജെൻഡറുകൾ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതും, ആളുകൾ നൽകുന്നതിലും കൂടുതൽ പണം അവരിൽ നിന്ന് നിർബന്ധപൂർവം ആവശ്യപ്പെടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്,”- കമ്മിഷണർ പറഞ്ഞു.
ക്ഷണിക്കപ്പെടാതെയുള്ള അത്തരം ഗൃഹ സന്ദർശനങ്ങളും ഈ ഉത്തരവ് പ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവിന്റെ ഏതെങ്കിലും തരത്തിലുള്ള ലംഘനം നടത്തുന്നവർക്കെതിരെ 188, 143, 144, 147, 159, 268, 384, 385, 503, 504, 506 എന്നീ വകുപ്പുകൾ പ്രകാരവും അല്ലെങ്കിൽ മഹാരാഷ്ട്ര പൊലീസ് ആക്ടിലെ വകുപ്പുകൾ ചുമത്തിയും കേസ് എടുക്കും. ഈ ഉത്തരവ് ഏപ്രിൽ 12 മുതൽ മേയ് 11 വരെ പ്രാബല്യത്തിൽ തുടരും.