ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം. ഇന്നലെ തിയേറ്ററിലെത്തിയ ചിത്രത്തിന് വളരെയധികം മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തെ കുറിച്ച് വാ തോരാതെ അഭിപ്രായങ്ങൾ പങ്കുവക്കുകയാണ് പ്രേക്ഷകർ. ഓരോ താരങ്ങളും അതിഗംഭീര പ്രകടനം കാഴ്ചവച്ചുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
നിരവധി അഭിമുഖങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട കോംബോ ആണ് ധ്യാന്‍ ശ്രീനിവാസന്റേയും ബേസില്‍ ജോസഫിന്റേയും. ഇരുവരെയും കുറിച്ച് വിനീത് ശ്രീനിവാസൻ പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെയാണ് വിനീതിന്റെ രസകരമായ മറുപടി.
“ബേസിലും ധ്യാനും ഒന്നിച്ചുള്ള സിനിമ വന്നുകഴിഞ്ഞാൽ അത് പ്രേക്ഷകർക്ക് ഇഷ്ടമാകുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും ബന്ധത്തെ കുറിച്ച് കൂടുതൽ മനസിലാകുന്നത്. രണ്ട് പേരും എപ്പോഴും കീരിയും പാമ്പും പോലെയാണ്. പ്രേക്ഷകർക്ക് ആ കോംമ്പോയും വലിയ ഇഷ്ടമാണ്”.
“രണ്ട് പേരും ഒന്നിച്ചുള്ള ഓരോ അഭിമുഖങ്ങൾ കാണുമ്പോൾ അവർ രണ്ടാളും എങ്ങനെയാണെന്ന് എല്ലാവർക്കും മനസിലാകും. പക്ഷേ ഇതിന്റെ മൂന്നിരട്ടിയാണ് ലൊക്കേഷനിൽ നമ്മൾ കണ്ടത്. അഭിമുഖത്തിൽ വന്നിരിക്കുമ്പോൾ ആളുകൾ കാണുമെന്ന കാര്യം ഉള്ളതുകൊണ്ട് അധികം പുറത്തുകാണിക്കില്ല. എന്നാൽ ഷൂട്ടിംഗ് സമയത്ത് ഞങ്ങൾക്കിടിയിൽ അങ്ങനെയൊന്നും ഇല്ലായിരുന്നെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു.