ഉത്തർപ്രദേശിലെ പ്രശസ്തമായ ഇടമാണ് വൃന്ദാവനം. ഭഗവാൻ കൃഷ്ണന്റെ കുട്ടിക്കാലം ഇവിടെയായിരുന്നുവെന്ന് ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളും, ആശ്രമങ്ങളും, പുഷ്പ വിപണികളും പ്രധാന ആകർഷണമാണ്. സാമ്പത്തികമായി വലിയ ചിലവ് വരാതെ തന്നെ ഇവിടെയെത്തി കാഴ്ചകൾ ആസ്വദിക്കാനാകും. രാജ്യത്തിന്റെ തനത് പൈതൃകവും സംസ്കാരവും ഇവിടെ നിന്നും അനുഭവിച്ചറിയാവുന്നതാണ്.
വൃന്ദാവനത്തിലെ ക്ഷേത്രങ്ങൾ
രാധാ കൃഷ്ണ ക്ഷേത്രങ്ങൾ ധാരാളമുള്ള ഇടമാണ് വൃന്ദാവനം. ചടുലമായ ഭക്തിഗാനങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ് ബാങ്കെ ബിഹാരി ക്ഷേത്രം. ഇതിന് ശേഷം കറുത്ത മാർബിളിൽ കൊത്തിയെടുത്ത ശ്രീകൃഷ്ണ വിഗ്രഹമുള്ള രാധാ രാമ ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. ഇവിടെ വളരെ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഏറ്റവും ഒടുവിൽ സന്ദർശനം നടത്താനാകുക ഇസ്കോൺ ക്ഷേത്രത്തിലാണ്. ഇവിടെ മനോഹരമായ വാസ്തുവിദ്യകളും കീർത്തനങ്ങളും ആസ്വദിക്കാനാകും.
യമുനാ നദി ഘാട്ടിലെ ആരതി
വൃന്ദാവനത്തിലെ യമുനാ നദിക്കരികിലുള്ള ഘാട്ടുകളിൽ ആരതി തെളിയിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് ആരതി ചടങ്ങ് നടക്കുക. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഫീസ് നൽകാതെ തന്നെ കാഴ്ചകൾ ആസ്വദിക്കാനാകും. നദീതീരത്ത് എത്തുന്ന ഭക്തരാണ് ദീപങ്ങൾ തെളിയിക്കുന്നത്. തുടർന്ന് നദിയിലേക്ക് അർപ്പിക്കുകയുമാണ് ചെയ്യുന്നത്.
ഷോപ്പിംഗിനായി പഴയ ബസാർ
പഴയ ബസാറിൽ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ നിന്നും കരകൗശല വസ്തുക്കളും മതപരമായ സാധനങ്ങളും, പരമ്പരാഗത വസ്ത്രങ്ങളും വാങ്ങാനാകും. നിരവധി സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇടുങ്ങിയ പാതകൾക്ക് ഇരു വശങ്ങളിലായും നിരവധി സ്റ്റാളുകൾ കാണാവുന്നതാണ്. ഇവിടെ നിന്നും താത്പര്യമുള്ള വസ്തുക്കൾ വിലപേശലിലൂടെ വാങ്ങാവുന്നതാണ്.
ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളും
വൃന്ദാവനിൽ നിരവധി ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളുമുണ്ട്. ഇവിടെ പാചകം, ശുചീകരണം, അനാഥർക്ക് ഭക്ഷണം നൽകുക എന്നീ കാര്യങ്ങൾ ചെയ്യാവുന്നതാണ്. സന്നദ്ധസേവനമെന്നത് സാമൂഹികമായി മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയാണ്. ഇവിടെ ഇത്തരത്തിൽ സേവനം നൽകാവുന്നതാണ്.