അശ്വതി നക്ഷത്രക്കാർക്ക് ഈ വിഷുസംക്രമം ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു വർഷമായിരിക്കും സമ്മാനിക്കുക. തൊഴിൽ, താമസസ്ഥലം, പങ്കാളിത്തം എന്നിവയിൽ കാര്യമായ പുരോഗതിയും പുനഃക്രമീകരണവും പ്രതീക്ഷിക്കാം. കലാകാരന്മാർക്ക്, പ്രത്യേകിച്ച് നടൻമാർ, സംഗീതജ്ഞർ, നർത്തകർ, ചിത്രകാരന്മാർ എന്നിവർക്ക് ധനസമൃദ്ധിയും പ്രശസ്തിയും അംഗീകാരവും ലഭിക്കും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക്, വിദേശവുമായി ബന്ധപ്പെട്ടവർക്ക് പുതിയ കരാറുകൾ ലഭിക്കും. എന്നാൽ, മദ്യപാന ശീലം നിയന്ത്രിക്കാത്തവർക്ക് ആരോഗ്യപരമായും സാമൂഹികമായും പ്രതിസന്ധികൾ നേരിടേണ്ടി വരും. രാഷ്‌ട്രീയക്കാർക്കും ഭരണാധികാരികൾക്കും ഈ വർഷം ഭാഗ്യകരമായിരിക്കും. ഈ വർഷം ധൈര്യവും ദൃഢനിശ്ചയവും പരീക്ഷിക്കപ്പെടും. പുതിയ അവസരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കുകയും ഓരോ ചുവടും ശ്രദ്ധാപൂർവ്വം വയ്‌ക്കുക. ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യുകയും വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും ചെയ്യുക. അവസരങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്താൽ ജീവിതത്തിൽ ഒരു നവ അധ്യായം ആരംഭിക്കാൻ സാധിക്കും.
കേതുദശയിൽ ജനിക്കുന്ന അശ്വതി നക്ഷത്രക്കാരായ കുഞ്ഞുങ്ങൾക്ക്, പ്രത്യേകിച്ച് മൂന്നര വയസ്സു വരെ, കാര്യമായ ഉദരസംബന്ധ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൃത്യമായി തലകുറി നോക്കി ബാലാരിഷ്ടതക്ക് പരിഹാരം ചെയ്യാത്ത പക്ഷം, ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് തൊഴിൽ നഷ്ടം, ശമ്പളം കുറയൽ, സ്ഥാനക്കയറ്റം ലഭിക്കാതിരിക്കുക തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ചികിത്സാ ചെലവ്, കുട്ടിയുടെ പരിചരണം തുടങ്ങിയ കാര്യങ്ങൾ കാരണം സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. കൂടാതെ, ബാലാരിഷ്ടത ഉള്ള ഈ കുഞ്ഞുങ്ങൾക്ക് വിഷഭയം, അഗ്നിഭയം തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ, ഈ കുഞ്ഞുങ്ങളെ ഒരു പടി കൂടുതൽ ശ്രദ്ധയോടെ പരിചരിക്കുക.
ഉദ്ദേശം മൂന്ന് വയസു മുതൽ ഇരുപത്തിമൂന്നു വയസ്സുവരെയുള്ള അശ്വതി നക്ഷത്രജാതരായ ശുക്രദശ അനുഭവിക്കുന്ന യുവതി യുവാക്കൾക്ക് പ്രണയ വിവാഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ വിദ്യാഭ്യാസവും തൊഴിലും നേടേണ്ട കാലത്തു വിവാഹം ആലോചിച്ചു മാത്രം തീരുമാനിക്കുക. ഈ കാലയളവിൽ പഠനത്തിൽ പുരോഗതിയും കുടുംബത്തിൽ സന്തോഷവും ഉണ്ടാകും. എന്നിരുന്നാലും മദ്യപാനം, അമിത ലൈംഗികത തുടങ്ങിയ ദുശ്ശീലങ്ങൾ പേരുദോഷത്തിന് കാരണമാകാൻ സാധ്യതയുണ്ട്. ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ഈ കാലയളവിൽ നല്ല പുരോഗതി ഉണ്ടാകും. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ഈ സമയത്തു വിവാഹത്തിനുള്ള സാധ്യത ഉണ്ട്. എന്നാൽ, പുരുഷന്മാർ സ്ത്രീകളിൽ നിന്നും മാനഹാനി നേരിടാൻ സാധ്യതയുണ്ട്. ഇരുപതുകളുടെ തുടക്കത്തിൽ ആണ് എങ്കിൽ പോലും അവിഹിതബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ കഴിവതും രഹസ്യസ്വഭാവം നിലനിർത്തുകയും തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതിരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ, ജീവിതകാലം മുഴുവൻ നേരിടേണ്ടി വരുന്ന വലിയ ദുരിതങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധിക്കില്ല. പഠനത്തിൽ ശ്രദ്ധ കേന്ദ്രികരിച്ചു, കുടുംബാംഗങ്ങളുമായി നല്ല ബന്ധം നിലനിർത്തി, ദുശ്ശീലങ്ങളിൽ നിന്ന് വിട്ടുനിന്നാൽ ജീവിതാന്ത്യം വരെ അനുഭവത്തിൽ ഉണ്ടാകുന്ന ഗുണഫലങ്ങൾ സാധ്യമാകാവുന്ന കാലം ആണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, ഇരുപത്തിമൂന്നു വയസ്സുവരെയുള്ള ശുക്രദശ യുവതീ യുവാക്കൾക്ക് സന്തോഷവും വിജയവും നൽകുന്ന ഒരു കാലഘട്ടമായി മാറും.
ഉദ്ദേശം 23 – 30 വയസ്സു വരെയുള്ള അശ്വതി നക്ഷത്രജാതരായവരുടെ ആദിത്യ ദശയിൽ മികച്ച വിവാഹ സാധ്യതകൾ ഉണ്ടാകുമെങ്കിലും, വിവാഹങ്ങൾ ദീർഘകാല ദാമ്പത്യത്തിൽ കലാശിക്കാൻ ജ്യോതിഷ പരിശോധനയും അനുയോജ്യമായ പരിഹാരക്രിയകളും അത്യാവശ്യമാണ്. ഈ കാലയളവ് ഉന്നത തൊഴിൽ സാധ്യതകൾ, ബിസിനസ് അഭിവൃദ്ധി, സ്വത്ത് സമ്പാദനം എന്നിവയ്‌ക്കും അനുകൂലമാണ്. എന്നാൽ, പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുക. നാലാം ഭാവത്തിൽ സൂര്യൻ നിൽക്കുന്നവർക്കു ഹൃദ്രോഗത്തിനും, അഗ്നി-വിഷ ഭീഷണികൾക്കും സാധ്യതയുള്ളതിനാൽ വളരെ ജാഗ്രത പാലിക്കണം. അധികാരവും സ്വാധീനവും വരാവുന്ന സമയമാണെങ്കിലും, കോപം നിയന്ത്രിക്കാതിരുന്നാൽ അവസരങ്ങൾ നഷ്ടപ്പെടും. അതിനാൽ, ഈ വിഷുസംക്രമം മുതൽ കോപം നിയന്ത്രിച്ച് സൂര്യദേവനെ പ്രീതിപ്പെടുത്തിയാൽ മികച്ച നേട്ടങ്ങൾ കൈവരിക്കാം.
ചന്ദ്രദശയിൽ ചന്ദ്രൻ കേന്ദ്ര ഭാവത്തിൽ നിൽക്കുന്ന ഉദ്ദേശം 30 – 40 വയസ്സുവരെയുള്ളവർക്ക് ധാരാളം ഗുണഫലങ്ങൾ ലഭിക്കും. അവിവാഹിതർക്ക് വിവാഹം നടത്താൻ അനുയോജ്യമായ സമയമാണിത്. സ്വന്തമായി വീടും വാഹനവും വാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ, ചന്ദ്രൻ നിൽക്കുന്ന ഭാവത്തിന്റെ തിഥി അനുസരിച്ച് ഗുണഫലങ്ങളിൽ വ്യത്യാസം ഉണ്ടാകാം. നഷ്ട സ്ഥാനത്തു നിൽക്കുന്ന ചന്ദ്രൻ ദുരിതങ്ങൾ സമ്മാനിക്കും. കാലങ്ങളായി തമ്മിൽ ശത്രുതയിൽ ആയിരുന്ന മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറി ഒരുമിച്ചു താമസിക്കാൻ സാധ്യതയുണ്ട്. അതിനയായി പരിശ്രമിച്ചാൽ വിജയം കാണും. സഹോദരങ്ങളിൽ നിന്ന് ഗുണം ലഭിക്കും. കുടുംബ സ്വത്ത് ഭാഗം നേടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ഇതിലും നല്ല സമയം വരില്ല. ഈ കാര്യത്തിൽ തടസങ്ങളും വ്യവഹാരങ്ങളും നേരിടുന്നവർക്ക് പരിഹാരം ചെയ്യാൻ ശ്രമിക്കുക. ഫലം ഉറപ്പാണ്. ചന്ദ്രൻ ദുർബലമാണെങ്കിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ജലദോഷം, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്ക് സാധ്യതയുണ്ട്.
ഉദ്ദേശം 40 – 47 വയസു വരെയുള്ള ചൊവ്വാദശയിൽ, രക്തസംബന്ധമായ അസുഖങ്ങൾ ഉടൻ തന്നെ പരിഹരിക്കാൻ ശ്രദ്ധിക്കുക. ആന്തരിക അസുഖങ്ങൾ, പരിക്കുകൾ (ഒടിവുകൾ, മുറിവുകൾ), തലവേദന, മുഴകൾ എന്നിവയുടെ രൂപത്തിൽ ഇവ പ്രകടമാകാം. ആരോഗ്യപരമായ സൂചനകൾ അവഗണിച്ചാൽ ഇത്തരം പ്രശ്‍നങ്ങൾ വഷളാക്കും. കൃഷിയിലും നിയമകാര്യങ്ങളിലും നേട്ടങ്ങൾ പ്രതീക്ഷിക്കുക. എന്നിരുന്നാലും, ദുർനടപ്പ്, മദ്യപാനം, വിവാഹേതര ബന്ധങ്ങൾ എന്നിവ ആപത്തുകൾ ക്ഷണിച്ചുവരുത്തും. ജൂലൈ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിൽ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തുക, അലർജിയും രക്തവുമായി ബന്ധപ്പെട്ട അണുബാധകളും പിടികൂടിയേക്കാം. നേത്രരോഗമുള്ളവർ വളരെ ജാഗ്രത പാലിക്കണം. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാൻ അനുവദിക്കുന്ന തരത്തിൽ ജോലിമാറ്റം പ്രതീക്ഷിക്കാം.
ഉദ്ദേശം 47മുതൽ 65-ാം വയസ്സിന് മുമ്പുള്ള രാഹുർദശയിൽ അസാധാരണമായ നേട്ടങ്ങൾക്കോ അതേപോലെ തന്നെയുള്ള നഷ്ടങ്ങൾക്കോ സാക്ഷ്യം വഹിക്കും. ജ്യോതിഷത്തിൽ നിഗൂഢവും സങ്കീർണ്ണവുമായ ഒരു ദശയാണ് രാഹുദശ. രാഹുവിന്റെയും കേതുവിന്റെയും സ്ഥാനം അനുസരിച്ചാണ് ജാതകഫലം പ്രവചിക്കുന്നത്. രാഹു ഇടവം രാശിയിലും കേതു വൃശ്ചികത്തിലും നിൽക്കുന്ന അവസ്ഥ വളരെയധികം ഗുണഫലങ്ങൾ കൊണ്ടുവരും. അത്തരം അവസ്ഥയിൽ ജീവിതത്തിലും സമൂഹത്തിലും ഉയർന്ന സ്ഥാനം, അംഗീകാരം, പ്രശസ്തി, സമൃദ്ധി തുടങ്ങിയവ പ്രതീക്ഷിക്കാം. അതേസമയം ജാതകത്തിൽ രാഹുവും കേതുവും ദുർബലമായ സ്ഥാനങ്ങളിലാണെങ്കിൽ (നഷ്ടസ്ഥാനം) അത് ജീവിതത്തിൽ വലിയ പ്രതിസന്ധികളിലേക്ക് നയിക്കാം. അപ്പോൾ നിയമപ്രശ്നങ്ങൾ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ, കാരാഗ്ര വാസം പോലുള്ള മോശം അനുഭവങ്ങൾ വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ രാഹുർദശ അനുഭവിക്കുന്നവരുടെ വിശദമായ ഗ്രഹനില നിർണയം നടത്തി മാത്രമേ ഫലം പറയുവാൻ സാധിക്കുകയുള്ളു. പൊതു ഫല പ്രവചനം ഇവരുടെ കാര്യത്തിൽ എപ്പോഴും സത്യമാകണം എന്നില്ല. രാഹുദശയുടെ ഒരു സവിശേഷതയാണ് വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടുള്ള തൊഴിൽ മേഖലകളിൽ ഉള്ള പുരോഗതി. തൊഴിലിൽ ഉയർന്ന സ്ഥാനങ്ങളിലേക്കുള്ള വഴികൾ തുറക്കപ്പെടുകയും ശ്രദ്ധേയമായ വളർച്ച കൈവരിക്കാനും സാധിക്കും. വിദേശ ഭാഷയിൽ പ്രാവീണ്യം നേടാൻ പറ്റിയ സമയമാണ്, അത്തരത്തിൽ നേടുന്ന പ്രാവീണ്യം കൊണ്ട് ഗുണഫലങ്ങൾ ഉണ്ടാകും. ഈ സമയത്തു ചിന്തകൾക്ക് ശക്തമായ സ്വാധീനം ഉണ്ടാകും. ചുറ്റുമുള്ള ലോകത്തെ രൂപപ്പെടുത്താൻ പോലും നിങ്ങളുടെ മനസ്സിന് കഴിയും. മനസ്സിൽ വിചാരിക്കുന്ന പല കാര്യങ്ങളും യാഥാർഥ്യമാകുന്നത് കണ്ട് നിങ്ങൾക്ക് സ്വപ്നത്തിലാണോ എന്നുപോലും തോന്നിയേക്കാം. അതിനാൽ, എപ്പോഴും പോസിറ്റീവ് ചിന്തകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയും നിരാശാജനകമായ ചിന്തകളെ അകറ്റി നിർത്തുകയും ചെയ്താൽ ശുഭകരമായ വാർധ്യക്യം അനുഭവിക്കാൻ സാധിക്കും.
ഈ കാലയളവിലെ പ്രധാന രണ്ടു രാശി മാറ്റങ്ങളിൽ 2024 മെയ് മാസത്തിലെ വ്യാഴമാറ്റം അശ്വതി നക്ഷത്രക്കാർക് അനൂകൂല ഫലങ്ങൾ ഇരട്ടിയാകും. എന്നാൽ 2025 ഇലെ ശനി മാറ്റം ഏഴര ശനിയുടെ ആരംഭ കാലം ആയതിനാൽ ഇപ്പോഴേ ജാതക ചിന്ത നടത്തി മുൻകൂർ പരിഹാരം കർമ്മങ്ങൾ ചെയുന്നത് ദുരിതങ്ങളുടെ കാഠിന്യം കുറയാൻ ഉപകരിക്കും. പ്രത്യേകിച്ചും മേടം രാശിയിൽ ശനി നിൽക്കുന്നവർക്ക് വളരെയധികം വെല്ലുവിളി നിറഞ്ഞ കാലം ആയിരിക്കും തുടർന്നുള്ള രണ്ടര വര്ഷം.
അശ്വതി നക്ഷത്രക്കാർക്ക് പൊതുവെ സുര്യൻ്റേയും, ചൊവ്വായുടേയും, വ്യാഴത്തിന്റേയും ദശാപഹാരങ്ങൾ നല്ലതായിരിക്കില്ലാ എന്നാണ് കാണുന്നത്. ഗണപതിയെ വേണം അശ്വതി നക്ഷത്രക്കാർ മുറുകെ പിടിക്കേണ്ടത്. ഇഷ്ടദേവയായി മറ്റു ദേവതമാരെ പൂജിച്ചാലും ദിനവും ഗണപതി ഭജനം നടത്തുന്ന അശ്വതി നക്ഷത്രക്കാർക്ക് ഗുണഫലങ്ങൾ കൂടുതൽ ആയിരിക്കും. ഇവർ പക്കാനാളിലോ മാസമാദ്യമോ ഗണപതി ഹോമം നടത്തുന്നത് നല്ലതായിരിക്കും. കേതുവിന്റെ സ്ഥാനം നോക്കി യഥാവിധി ഗണപതി ഹോമ മന്ത്രവും ഹോമ ദ്രവ്യവും എത്ര ഉരു വേണം എന്നൊക്കെ പറയുന്നത്. ഭദ്രയെ വണങ്ങുന്നതും ഗുണകരമാണ്. മകം, മൂലം എന്നിവയിലും നക്ഷത്രദിവസവും ക്ഷേത്രദർശനം നടത്തിയാൽ ഉത്തമം. വെളുത്ത പക്ഷത്തിലെ ചതുർത്ഥി വൃതം ഗണപതി പ്രീതി നൽകും. കഴിയുന്ന പോലെ നവഗ്രഹങ്ങളിലെ കുജനും കേതുവിനും പരിഹാരം ചെയ്യുന്നതും ഉചിതമായിരിക്കും. അശ്വതിയും ചൊവ്വാഴ്‌ചയും ഒത്തുവന്നാൽ മുരുകഭജനം നടത്തിയാൽ ഇരട്ടി ഫലം ലഭിക്കും. അശ്വതി നക്ഷത്രക്കാർ ഏറ്റവും അർഹരായവർക്ക് പ്രത്യേകിച്ച് രോഗികൾക്ക് ഭക്ഷണമോ വസ്ത്രമോ ദാനം ചെയ്താൽ പല ദശാ പരീക്ഷണങ്ങളും മാറി കിട്ടും. ചൊവ്വ, ശനി ദിവസങ്ങളിലെ ഉപവാസം പ്രതികൂല അവസ്ഥകളിൽ നിന്നും രക്ഷപെടാൻ ഉപകരിക്കും.
ഇവിടെ നൽകിയിരിക്കുന്ന ദശാപഹാരകണക്ക് ഒരു പൊതുവായ സൂചന മാത്രമാണ്. ഓരോ വ്യക്തിയുടെ ജനന ഗ്രഹനില, ജന്മശിഷ്ടം ഒക്കെ മാറുന്നത് അനുസരിച്ചു ദശാപഹാരം മാറിയേക്കാം. മാത്രമല്ല, യോഗങ്ങൾ, ദശാപഹാരം എന്നിവ അനുസരിച്ച് പറയുന്ന ഫലങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാം. ജാതക നിരൂപണം നടത്തുകയും ദശാനാഥനെ പ്രീതിപ്പെടുത്തുകയും ചെയ്യുന്നത് ഈ വ്യത്യാസങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിക്കും. ഗ്രഹദോഷങ്ങൾ പരിഹരിക്കുന്നതിലൂടെ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ വർദ്ധിപ്പിക്കാനും മോശം സമയത്തിന്റെ ദോഷഫലങ്ങൾ കുറയ്‌ക്കാനും സാധിക്കും.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Vishu Prediction 2024 by Jayarani E.V















