ന്യൂഡൽഹി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ സാമൂഹിക ഉന്നതി ഉറപ്പുവരുത്തി ‘സങ്കൽപ് പത്ര’ യുമായി ബിജെപി. പാർപ്പിടം, ഭക്ഷണം തുടങ്ങി അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിലൂടെ വികസിത ഭാരതത്തിലേക്കുള്ള യാത്രയാണ് ബിജെപി വിഭാവനം ചെയ്യുന്നത്. മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 കോടി കുടുംബങ്ങളാണ് ബഹുമുഖ ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. ഇതിന്റെ തുടർച്ചയാണ് ഇന്ന് പ്രധാനമന്ത്രി പുറത്തിറക്കിയ പ്രകടനപത്രിക ഉറപ്പു നൽകുന്നത്.
രാജ്യത്തെ മുഴുവൻ ജനങ്ങളേയും ദരിദ്രത്തിൽ നിന്ന് കരകയറ്റാനും മാന്യമായ ജീവിതം ഉറപ്പുവരുത്താനും വിപുലമായ പദ്ധതികളാണ് പത്ത് വർഷത്തിനുള്ളിൽ മോദി സർക്കാർ നടപ്പിലാക്കിയത്. ഈ ക്ഷേമ പദ്ധതികളെല്ലാം അന്തിമ ലക്ഷ്യം പൂർത്തീകരീക്കുന്നത് വരെ തുടരുമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ബൃഹത്തായ ഭക്ഷ്യ പദ്ധതിയായ ഗരീബ് കല്യാൺ അന്നയോജന 5 വർഷത്തേക്ക് കൂടി തുടരും. 2020 മുതൽ 80 കോടി ജനങ്ങൾക്ക് പദ്ധതി പ്രകാരം സൗജന്യ റേഷൻ നൽകുന്നത്
പാവപ്പെട്ടവട്ട മുഴുവൻ കുടുംബങ്ങൾക്കും അടച്ചുറപ്പുള്ള വീട് ലക്ഷ്യമാക്കി മോദി സർക്കാർ നടപ്പിലാക്കിയ പ്രധാനമന്ത്രി ആവാസ് യോജനപദ്ധതിയുടെ നാല് കോടി വീടുകളാണ് നിർമിച്ച് നൽകിയത്. ഈ പദ്ധതി അർഹരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കും . കൂടാതെ ജൽ ജീവൻ മിഷന്റെ തുടർച്ചയായി ഗ്രാമ- നഗര വ്യത്യസമില്ലാതെ എല്ലാം ഭവനങ്ങളിലും ശുദ്ധജലം എന്ന ഉറപ്പാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
ചേരി പ്രദേശങ്ങളിൽ ജീവിക്കുന്ന കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്കായുള്ള ഭവന പദ്ധതി വ്യാപിക്കും. പ്രദേശങ്ങളിലെ താമസക്കാർക്ക് ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾക്ക് മുൻഗണന നൽകും.
പുകരഹിത അടുക്കളയും സ്ത്രീകളുടെ ആരോഗ്യവും ലക്ഷ്യമാക്കി മോദി സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. പദ്ധതിക്ക് കീഴിൽ 10 കോടി കുടുംബങ്ങൾക്കാണ് പാചവാതക കണക്ഷൻ നൽകിയത്. അർഹരായ മുഴുവൻ കുടുംബങ്ങളിലേക്കും ഗ്യാസ് കണക്ഷൻ എത്തിക്കും.
ബില്ലിനെ കുറിച്ച ആശങ്കപ്പെടാതെ പാവപ്പെട്ട കുടുംബങ്ങൾക്ക് വൈദ്യുതിയും മോദി ഗ്യാരന്റിയാണ്. പിഎം സൂര്യഘർ സൗജന്യ വൈദ്യുത പദ്ധതിയിലൂടെയാണ് സൗജന്യ വൈദ്യുതി എത്തിക്കുക.