ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ ഇന്നിംഗ്സിൽ ബെംഗളൂരുവിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. വന്നവനും പോയവനും ആർ.സി.ബി ബൗളർമാരെ ചെണ്ടകളാക്കിയ മത്സരത്തിൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോറാണ് പിറന്നത്. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് എസ്.ആർ.എച്ച് അടിച്ചുകൂട്ടിയത്. 277 എന്ന അവരുടെ റെക്കോർഡ് തന്നെയാണ് സൺറൈസേഴ്സ് ചിന്നസ്വാമായിൽ തിരുത്തിയത്.
ടോസ് നേടിയ ആർ.സി.ബി ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഡുപ്ലെസിയുടെ ഈ തീരുമാനം തന്നെ ആദ്യമേ പാളുന്നതാണ് കണ്ടത്. എട്ടോവറിൽ 108 റൺസിന്റെ കൂട്ടുക്കെട്ടുയർത്തിയാണ് അഭിഷേക് ശർമ്മ-ട്രാവിസ് ഹെഡ് സഖ്യം നിലപാട് വ്യക്തമാക്കിയത്. പിന്നീട് ക്രീസിലെത്തിയവർ ആർ.സി.ബി ബൗളർമാർക്ക് ശ്വാസം വിടാൻ അവസരം നൽകിയില്ല.
അഭിഷേക് ശർമ്മ 34 റൺസുമായി പുറത്തായെങ്കിലും ആക്രമണം തുടർന്ന ഹെഡ് 39 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. 8 പടുകൂറ്റൻ സിക്സുകളാണ് താരം അതിർത്തിവര കടത്തിയത്. ക്രീസിലെത്തിയ ഹെന്റിച്ച് ക്ലാസൻ സംഹാര താണ്ഡമാടി. 31 പന്തിൽ 67 റൺസ് അടിച്ചു കൂട്ടിയ താരം 7 സിക്സറുകളാണ് പറത്തിയത്.
17 പന്തിൽ 32 റൺസുമായി എയ്ഡൻ മാർക്രമും 10 പന്തിൽ 37 റൺസുമായി പുറത്താകാതെ നിന്ന അബ്ദുൾ സമദും ചേർന്നാണ് ഹൈദരാബാദിനെ റെക്കോർഡ് ബുക്കിലേക്ക് നയിച്ചത്. നാലോവർ പൂർത്തിയക്കിയ എല്ലാ ബൗളർമാരും അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. ഇതിൽ റീസെ ടോപ്ലിയും വൈശാഖ് വിജയകുമാറും 60 കടന്നു. ആദ്യ മത്സരത്തിനിറങ്ങിയ ലോക്കി ഫെർഗുസന് രണ്ടുവിക്കറ്റ് ലഭിച്ചു.















