ദുബായ്: ചൊവ്വാഴ്ചയുണ്ടായ അതിശക്തമായ മഴ ദുബായ് നഗരത്തെ നിശ്ചലമാക്കി. അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെയും പ്രധാന ഹൈവേകളുടെയും ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തങ്ങൾ അരമണിക്കൂറോളം നിർത്തി വയ്‌ക്കേണ്ട സാഹചര്യവുമുണ്ടായി.
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും ലഭിച്ച കാലാവസ്ഥാ വിവരങ്ങൾ അനുസരിച്ച് ഒന്നര വർഷത്തെ കാലയളവ് കൊണ്ട് ലഭിക്കേണ്ടുന്ന മഴയാണ് നഗരത്തിൽ 24 മണിക്കൂറിനിടയിൽ ലഭിച്ചത്. ഇതാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലേക്ക് നയിച്ചത്. തിങ്കളാഴ്ച ആരംഭിച്ച മഴ ചൊവ്വാഴ്ചയോടു കൂടി അതിശക്തമാവുകയായിരുന്നു. യുഎഇ ഗവൺമെന്റ് ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ വെറും 24 മണിക്കൂറ് കൊണ്ട് ദുബായ് നഗരത്തെ വെള്ളക്കെട്ടിലാക്കിയ മഴക്ക് വ്യത്യസ്തങ്ങളായ കാരണങ്ങളാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അറേബ്യൻ ഉപദ്വീപിലൂടെ ഒമാൻ കടലിടുക്കിലേക്ക് നീങ്ങുന്ന കൊടുങ്കാറ്റാണ് ഒരു കാരണമായി പറയപ്പെടുന്നത്. ഒമാനിലെയും പശ്ചിമ-കിഴക്കൻ ഇറാനിലെയും അസാധാരണമായ തണുത്ത കാലാവസ്ഥയ്‌ക്ക് പിന്നിലും ഇതേ പ്രതിഭാസമാണ്. ഒമാനിലെ ശക്തമായ മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ഏകദേശം 18 ൽ അധികം ആൾക്കാരാണ് മരണപ്പെട്ടത്. ആഗോളതാപനവും മനുഷ്യനുണ്ടാക്കിയ കാലാവസ്ഥാ വ്യതിയാനവുമാണ് മഴയുടെ കാരണമായി ചിലർ അഭിപ്രായപ്പെടുന്നത്.
എന്നാൽ യു എ ഇ കൃത്രിമ മഴ പെയ്യിക്കാനായി നടത്തിയ ‘ക്ലൗഡ് സീഡിംഗ്’ ആണ് ദുബായ് നഗരത്തിലെ കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും കാരണമെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. വരൾച്ചയും ജലക്ഷാമം മൂലമുള്ള പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് 2002 ലാണ് യുഎഇ കൃത്രിമ മഴയ്‌ക്കായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അന്തരീക്ഷത്തിൽ മേഘങ്ങളുടെ ഘടനയിൽ വ്യത്യാസം വരുത്തി കൃത്രിമമഴ പെയ്യിക്കുന്ന രീതിയാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ക്ലൗഡ് സീഡിങ്ങിന്റെ ഭാഗമായി ഏകദേശം 7 ദൗത്യങ്ങളാണ് യുഎഇയിൽ വിമാനങ്ങളുടെ സഹായത്തോടെ നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.