എവറസ്റ്റ് ഫിഷ് കറി മസാലയിൽ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യത്തിന് ഹാനികരമായ എഥിലീൻ ഓക്സൈഡാണ് കണ്ടെത്തിയത്. ഇതിനെ തുടർന്ന് എവറസ്റ്റ് ഫിഷ് കറി മസാല സിംഗപ്പൂർ തിരിച്ചുവിളിച്ചു. സിംഗപ്പൂർ ഫുഡ് ഏജൻസിയാണ്(എസ്.എഫ്.എ) ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
സാധാരണയായി കാർഷിക വിളകളിൽ സൂക്ഷ്മജീവികളെ ഇല്ലാതാക്കാനായി ഉപയോഗിക്കുന്ന കീടനാശിനിയാണ് എഥിലീൻ ഓക്സൈഡ്. ആരോഗ്യത്തിന് ഹാനികരമായതിനാൽ ഭക്ഷ്യ ഉൽപന്നങ്ങളിൽ ഇതിന് വിലക്കുണ്ട്. എവറസ്റ്റ് ഫിഷ് കറി മസാലയിലെ കീനാശിനി സാന്നിദ്ധ്യം ഉപഭോക്താക്കൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് സിംഗപ്പൂർ ഫുഡ് ഏജൻസി പറയുന്നു.
ദിവസങ്ങൾക്ക് മുൻപ് കാഡ്ബറിസ് ബോൺവിറ്റ ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തി വിൽക്കരുതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം നെസ്ലെയുടെ സെറിലാക്കിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.