ഇടുക്കി: നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടമ്മ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ആശാരിക്കണ്ടം സ്വദേശി ദിലീപിന്റെ ഭാര്യ ഷീബയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജപ്തി നടപടിക്കിടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു ഷീബ.
വീട്ടമ്മയെ രക്ഷിക്കാൻ ശ്രമിച്ച വനിതാ പൊലീസിനും എസ്ഐയ്ക്കും പൊള്ളലേറ്റിരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോടതി വിധിയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ ജപ്തി നടപടിക്കായി വീട്ടിലെത്തിയപ്പോഴാണ് ഷീബ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
90 ശതമാനത്തോളം പൊള്ളലേറ്റ ഷീബയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റ വനിതാ പൊലീസ് ഉദ്യോഗസ്ഥ അമ്പിളിയെ എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്ക് 30 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.