ഇന്ത്യയിൽ ഐ ഫോൺ നിർമ്മാണം വർദ്ധിപ്പിക്കുന്നതിനൊപ്പം ഐഫോണുകളിൽ ഉപയോഗിക്കുന്ന ക്യാമറ ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിക്കാനുള്ള നീക്കവുമായി ആപ്പിൾ . ഇതിനായി ഇന്ത്യയിലെ മുരുഗപ്പ ഗ്രൂപ്പുമായും ടൈറ്റനുമായും ചർച്ച നടത്തുകയാണെന്ന് സൂചന. ചർച്ചകൾ ലക്ഷ്യം കണ്ടാൽ ആപ്പിളിന്റെ പ്രവർത്തനം ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള വലിയ ചുവടുവയ്പ്പായിരിക്കും ഇത്.
നിലവിൽ, ക്യാമറ മൊഡ്യൂൾ ഘടകങ്ങൾ വിതരണം ചെയ്യുന്ന ആപ്പിളിന്റെ പട്ടികയിൽ ഒരു ഇന്ത്യൻ കമ്പനിയും ഉൾപ്പെട്ടിട്ടില്ല . ടൈറ്റനുമായോ മുരുഗപ്പ ഗ്രൂപ്പുമായോ അടുത്ത ആറോ മാസത്തിനുള്ളിൽ കരാർ അന്തിമമായേക്കും എന്നാണ് റിപ്പോർട്ടുകൾ.
മുരുഗപ്പ ഗ്രൂപ്പ് 2022-ൽ നോയിഡ ആസ്ഥാനമായുള്ള ക്യാമറ മൊഡ്യൂൾ നിർമ്മാതാക്കളായ മോഷൈൻ ഇലക്ട്രോണിക്സിനെ ഏറ്റെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആപ്പിൾ മുരുഗപ്പ ഗ്രൂപ്പുമായി ചർച്ച നടത്തുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടൈറ്റൻ ക്യാമറ മൊഡ്യൂളുകളും ഉപഘടകങ്ങളും യോജിപ്പിക്കാനും നിർമിക്കാനും ഉള്ള സൗകര്യങ്ങൾ സ്ഥാപിക്കുന്നതിന് ശ്രമം നടത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
ഇന്ത്യയിൽ ആപ്പിളിന് ക്യാമറ മൊഡ്യൂൾ നിർമ്മാണം വലിയ വെല്ലുവിളിയാണ്. കമ്പനിക്ക് പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത ഭാഗമാണിത്. ക്യാമറ മോഡ്യൂൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിലൂടെ കമ്പനിക്ക് നിരവധി നേട്ടങ്ങൾ ലഭിക്കും. ഇത് ഇന്ത്യയിലെ ബ്രാൻഡിന്റെ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തും. .അടുത്ത സാമ്പത്തിക വർഷം ആദ്യ പാദത്തിൽ ഏകദേശം 1 ട്രില്യൺ രൂപയുടെ ഐഫോണുകൾ ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ ആണ് ആപ്പിൾ ലക്ഷ്യമിടുന്നത്.