ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളിലെ യാത്രക്കാർക്ക് ഇനിമുതൽ 500 മില്ലി ലിറ്ററിന്റെ റെയിൽ നീർ വാട്ടർ ബോട്ടിലുകൾ നൽകുമെന്ന് ഇന്ത്യൻ റെയിൽവേ. കുടിവെള്ളം പാഴാക്കുന്നത് തടയാൻ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം. എന്നാൽ അര ലിറ്റർ കുപ്പിവെളളത്തിന് പുറമേ വേണമെങ്കിൽ ആവശ്യാനുസരണം അധികമായി കുപ്പിവെളളം യാത്രക്കാർക്ക് വാങ്ങാനുളള സൗകര്യമുണ്ടായിരിക്കുമെന്നും റെയിൽവേ അറിയിച്ചു.
രാജാധാനി എക്സ്പ്രസിലേതിന് സമാനമായി ഒരു ലിറ്ററിന്റെ വെളളം കുപ്പികളാണ് വന്ദേഭാരതിലും വിതരണം ചെയ്തിരുന്നത്. എന്നാൽ വന്ദേഭാരതിൽ യാത്രക്കാർക്ക് നൽകുന്ന വെള്ളം പാഴാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. വന്ദേഭാരതിൽ ദിവസങ്ങളെടുക്കുന്ന യാത്ര അല്ലാത്തതിനാൽ യാത്രക്കാർ കുപ്പിയിലെ വെള്ളം പൂർണമായി ഉപയോഗിക്കാറില്ലെന്നും റെയിൽവേ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.