ബാഗ്ദാദ് ; ഇറാഖിലെ സോഷ്യൽ മീഡിയ താരം ഉമ്മു ഫഹദ് എന്നറിയപ്പെടുന്ന ഗുഫ്രാൻ സവാദി വെടിയേറ്റ് മരിച്ചു . ബാഗ്ദാദിന് കിഴക്ക് സയൗന മേഖലയിലെ വീടിന് പുറത്ത് വച്ചാണ് ഉമ്മു ഫഹദിന് വെടിയേറ്റത് . മോട്ടോർ സൈക്കിളിൽ എത്തിയ തോക്കുധാരി ഉമ്മു ഫഹദിന് നേരെ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട് .
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇറാഖിലെ ടിക് ടോക്ക് താരമായിരുന്നു ഉമ്മു ഫഹദ്. പോപ്പ് സംഗീതത്തിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ നിരവധി തവണ ഇവർ പങ്ക് വച്ചിട്ടുണ്ട് . ഇറാഖിലെ ജുഡീഷ്യറി ഈ വീഡിയോകൾ അനുചിതമായി കണക്കാക്കിയിരുന്നു. ഇതിന്റെ പേരിൽ ഉമ്മു ഫഹദിനെ ആറ് മാസത്തെ തടവിനും ശിക്ഷിച്ചിരുന്നു.
“പൊതു മര്യാദയും ധാർമ്മികതയും ലംഘിച്ച് അശ്ലീലവും അസഭ്യവുമായ ഭാഷകൾ അടങ്ങിയ നിരവധി വീഡിയോകൾ നിർമ്മിക്കുകയും പങ്ക് വയ്‌ക്കുകയും ചെയ്ത കുറ്റത്തിനാണ് ഉമ്മു ഫഹദിനെ ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്,” എന്നാണ് ഇറാഖി ജുഡീഷ്യറി വ്യക്തമാക്കിയത് .