തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശ്വാസ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തിരദേശ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മെയ് രണ്ട് വരെയാണ് മഴ പെയ്യാൻ സാധ്യതയുള്ളത്.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. ഏപ്രിൽ 30 മുതൽ മെയ് രണ്ട് വരെ കോഴിക്കോട്, വയനാട് ജില്ലകളിലും മഴ പെയ്യും. തീരദേശവാസികളെ ഭീതിയിലാക്കികൊണ്ട് കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കേരളാ തീരത്തും തെക്കൻ തമിഴ്നാട്, വടക്കൻ തമിഴ്നാട് തീരങ്ങളിലും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നം മുന്നറിയിപ്പുണ്ട്.
കടൽക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ തിരദേശവാസികളോട് പ്രദേശത്ത് നിന്ന് മാറി താമസിക്കാൻ അധികൃതർ നിർദേശം നൽകി. മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കെട്ടിയിട്ട് സൂക്ഷിക്കണമെന്നും വള്ളങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൃത്യമായ അകലം പാലിച്ച് കെട്ടിയിടണമെന്നും അറിയിച്ചിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികൾക്ക് കടലിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.