ചന്ദ്രനിൽ റോബോട്ട് ട്രെയിൻ സർവീസിനൊരുങ്ങി നാസ. ‘ഫ്ലെക്സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക് (FLOAT)’ എന്നാണ് പദ്ധതിയുടെ പേര്. ചന്ദ്രോപരിതലത്തിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുന്നതിന് പിന്നാലെയാണ് ഇത്തരമൊരു സുപ്രധാന തീരുമാനം. മനുഷ്യനെ ചന്ദ്രനിലിറക്കുന്ന നാസയുടെ ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമാണ് ഫ്ലോട്ട്.
ചന്ദ്രനിലിറങ്ങുന്ന ബഹിരാകാശ യാത്രികരുടെ ചാന്ദ്ര പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്ന ‘റോബോട്ടിക് ട്രാൻസ്പോർട്ട് സിസ്റ്റം’ എന്ന സംവിധാനം സജ്ജമാക്കുന്നതിനായാണ് FLOAT ലക്ഷ്യമിടുന്നത്. 2030-കളോടെ ചന്ദ്രനിൽ നിന്ന് ദൈനംദിന പ്രവർത്തനങ്ങളും സിഗ്നലുകളും ഭൂമിയിലത്തിച്ച് ക്രോഡീകരിക്കുകയാണ് ലക്ഷ്യമെന്ന് നാസ പറഞ്ഞു.
പ്രാരംഭഘട്ടത്തിൽ യന്ത്രങ്ങളുടെ സുഗമ പ്രവർത്തനത്തിന് മാത്രമാകും ഫ്ലോട്ട് ഉപയോഗപ്പെടുത്തുക. കാന്തങ്ങളാൽ നിർമിച്ച റോബോട്ടിനെയാണ് പ്രവർത്തിപ്പിക്കുക. ചന്ദ്രോപരിതലത്തിലെ പൊടിപടലങ്ങളിൽ നിന്ന് സംരക്ഷണമേർപ്പെടുത്തുന്നതിനും കുറ്റമറ്റ തരത്തിൽ വിവരങ്ങൾ ലഭിക്കുന്നതിനും മൂന്ന് പാളികളുള്ള ഫിലിം റാക്കിനുള്ളിലാകും റോബോട്ട് പ്രവർത്തിക്കുക.
പ്രത്യേകം സജ്ജമാക്കിയ വണ്ടിക്കുള്ളിലാകും ഈ റോബോട്ടുകൾ നീങ്ങുക. മണിക്കൂറിൽ 1.61 കിലോമീറ്റർ വേഗതയിലാകും ഇത് പ്രവർത്തിക്കുക. നാസയുടെ ഭാവി ചന്ദ്രാ പര്യവേക്ഷണ സ്ഥലത്ത് നിന്നും 100 ടൺ സാമഗ്രികളെ വഹിക്കാൻ റോബോട്ടിന് സാധിക്കും. 2026 സെപ്റ്റംബറോട് കൂടി മനുഷ്യനെ ചന്ദ്രനിലിറക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാകും ഫ്ലോട്ടിനെ ഉപരിതലത്തിലിറക്കുക.















