ആർത്തവ വേദന വരുമ്പോൾ ഗുളിക കഴിച്ച് വേദന മാറ്റുന്നവരാണ് പലരും. എന്നാൽ താൽക്കാലിക ആശ്വാസത്തിന് നാം കഴിക്കുന്ന ഗുളികകൾ ഭാവിയിൽ പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവക്കുമെന്ന കാര്യം പലപ്പോഴും മറന്നു പോകാറുമുണ്ട്. ആർത്തവ സമയത്തുള്ള വേദന മുതൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ വരെ മാറ്റുന്നതിന് ഗുളികകളാണ് സ്ഥിരം കഴിക്കുന്നത്. അമിതമായി ഇത്തരം ഗുളികകൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. എന്നാൽ വീട്ടിൽ തന്നെ ചില പൊടികൈകൾ പരീക്ഷിച്ച് ഇത്തരം വേദനകൾ മാറ്റാവുന്നതാണ്. ശരീര വേദനയ്ക്കും വീക്കത്തിനും ഇവ വളരെയധികം സഹായിക്കുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…
ഇഞ്ചി
ശരീരത്തിനുണ്ടാകുന്ന വേദനകളെ പാടെ ഇല്ലാതാക്കാൻ അത്യുത്തമമാണ് ഇഞ്ചി. വെള്ളത്തിൽ കലർത്തിയോ ചായയിൽ ചാലിച്ചോ അല്ലാതെയോ ഇഞ്ചി കഴിക്കാവുന്നതാണ്. ദഹനസംബന്ധ പ്രശ്നങ്ങൾ, വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് ഇഞ്ചി വളരെയധികം സഹായകമാണ്. ആർത്തവ വേദന ഇല്ലാതാക്കാനും പേശിവേദന ഒഴിവാക്കാനും ഇഞ്ചി നല്ലതാണ്.
മഞ്ഞൾ
കഴിക്കുന്ന എല്ലാ ആഹാരപദാർത്ഥത്തിലും മഞ്ഞൾ ചേർക്കുന്നത് ഉത്തമമാണ്. കാരണം മഞ്ഞളിൽ ധാരാളം ആൻ്റിബയോട്ടിക്, ആൻ്റിസെപ്റ്റിക് പദാർത്ഥങ്ങളുള്ള കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരത്തിലുണ്ടാകുന്ന വേദനകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. കൂടാതെ ജലദോഷം, ചുമ, പനി എന്നിവ ഇല്ലാതാക്കാൻ മഞ്ഞൾ ചേർത്ത് ആവി പിടിക്കുന്നതും ഫലപ്രദമാണ്. ആർത്തവ സമയത്ത് മഞ്ഞൾ ചേർത്ത ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.
പെരുംജീരകം
ഒരേ സമയം നിരവധി ഗുണങ്ങളുള്ള ഒന്നാണ് പെരുംജീരകം. ഇവ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കാനും വയറുവേദന കുറയ്ക്കാനും സഹായമാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിലും ആഹാരം കഴിക്കുന്നതിന് മുമ്പോ ശേഷമോ ഇവ കഴിക്കാവുന്നതാണ്.