തിയേറ്ററുകളിൽ ചിരിപ്പൂരമായി മാറി പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ചിത്രമാണ് പ്രേമലു. യുവതാരങ്ങളായ നസ്ലിൻ, മമിത ബൈജു എന്നിവർ ഒന്നിച്ച ചിത്രം ആഗോളതലത്തിൽ തന്നെ ഹിറ്റ് പട്ടികയിൽ ഇടംനേടിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായത്. പ്രേമലു കണ്ടതിന് ശേഷം ഭാവിയിലെ ജനപ്രിയ നായകനാകും നസ്ലിൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമാ ജീവിതത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ പങ്കുവക്കുന്ന നസ്ലിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘പ്രേക്ഷകർക്ക് ഹ്യൂമർസെൻസ് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാൻ അഭിനയിക്കുന്ന കഥാപാത്രങ്ങൾ അവർക്ക് കണക്ട് ചെയ്യാൻ സാധിക്കുന്നത്. പക്ഷേ എന്റെ സുഹൃത്തുക്കളുടെ ഇടയിൽ പോലും എനിക്ക് കോമഡി പറയാൻ മടിയാണ്. അത് കേൾക്കുമ്പോൾ അവർ എന്നെ കളിയാക്കുമോ എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ചിലതൊക്കെ വായിൽ വന്നാലും ഞാൻ അത് അടക്കിവയ്ക്കും’.
‘എന്റെ സുഹൃത്തുക്കളുടെ ഇടയിൽ നിന്ന് കിട്ടുന്ന കോമഡികളൊക്കെ ഞാൻ സ്റ്റോക്ക് ചെയ്ത് വയ്ക്കാറുണ്ട്. പിന്നീട് ഓരോ സിനിമകളിലും കഥാപാത്രങ്ങളിലേക്ക് വരുമ്പോൾ ആ കോമഡികൾ കണക്ട് ചെയ്യാറുണ്ട്. വലിയ പ്രശ്നങ്ങളില്ലാതെ വൃത്തിയായി എന്റെ വേഷം ചെയ്യാറുണ്ടെന്ന വിശ്വാസം എനിക്കുണ്ട്’ – നസ്ലിൻ പറഞ്ഞു.