ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ഇനി മുതൽ ഒരു ചാറ്റിൽ മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാം. നേരത്തെ ഒരു സന്ദേശം മാത്രമാണ് പിന് ചെയ്തുവെക്കാൻ കഴിയുമായിരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ അപ്ഡേറ്റിൽ ഓർത്തുവയ്ക്കേണ്ടതും പ്രധാനപ്പെട്ടതുമായ പരമാവധി മൂന്ന് മെസേജുകൾ വരെ പിൻ ചെയ്യാൻ സാധിക്കും.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഗ്രൂപ്പിലെ എല്ലാവർക്കും പിൻ ചെയ്ത മെസ്സേജ് കാണാനാകുമെന്ന പ്രത്യേകതയുമുണ്ട്. പിൻ ചെയ്തുവെയ്ക്കേണ്ട മെസേജ് സെലക്ട് ചെയ്യുമ്പോൾ വലതുവശത്തെ ലിസ്റ്റിൽ പിൻ ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ഇത്തരത്തിൽ ചിത്രം, ടെക്സ്റ്റ്, വീഡിയോ, സ്റ്റിക്കർ തുടങ്ങിയ സന്ദേശങ്ങളെല്ലാം പിൻ ചെയ്യാം. 24 മണിക്കൂർ, ഏഴു ദിവസം, 30 ദിവസം എന്നീ സമയപരിധിയിലാണ് പിൻ ചെയ്യാൻ സാധിക്കുക. ഏത് സമയം വേണമെങ്കിലും മെസേജുകൾ അൺ പിന്നും ചെയ്യാം. കൂടുതല്‍ സന്ദേശങ്ങള്‍ പ്രത്യേകം എടുത്തുവെക്കണമെങ്കില് അവ സ്റ്റാര്‍ ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. സ്റ്റാര്‍ ചെയ്യുന്ന സന്ദേശങ്ങളുടെ എണ്ണത്തിന് പരിധിയില്ല.
അതേസമയം സന്ദേശങ്ങൾ പിൻ ചെയ്യുന്നതിനു പുറമേ, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് ചാറ്റ് ബോക്സിന്റെ മുകളിൽ മൂന്ന് ചാറ്റുകൾ വരെ പിൻ ചെയ്യാനും സാധിക്കും. നിലവില്‍ ബീറ്റാ വേർഷൻ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്.