ന്യൂഡൽഹി: ഇന്ത്യയിൽ ചൈനീസ് അനുകൂല വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസിന്റെ ഗുരുതര കണ്ടെത്തലുകൾ. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഘത്തിൽ നിന്ന് പണം കൈപ്പറ്റി ഇന്ത്യവിരുദ്ധ കാമ്പെയിന് തുടക്കമിടുകയും അതുവഴി രാജ്യത്ത് ആഭ്യന്തര കലാപത്തിന് ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് കണ്ടെത്തൽ. ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബിർ പുർകയസ്ഥയാണ് നീക്കത്തിന് ചുക്കാൻ പിടിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
സിഎഎ, എൻ.ആർ.സി സമരങ്ങൾ നടക്കുമ്പോൾ ഇന്ത്യൻ മാപ്പിലെ അന്താരാഷ്‌ട്ര അതിർത്തികളിൽ കൃത്രിമം കാട്ടി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്നും ഗുരുതര ആരോപണമുണ്ട്. ഫണ്ട് നീക്കം സുഗമമാക്കാനും അന്വേഷണ ഏജൻസികളുടെ റഡാറിൽ പെടാതിരിക്കാനും വിദേശ നിക്ഷേപങ്ങൾ സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിൽ തന്നെ സ്വീകരിച്ചെന്ന് കാട്ടാൻ റിപ്പോർട്ടുകളിൽ കൃത്രിമം കാട്ടി.
കൊവിഡ് കാലഘട്ടത്തിൽ ഇന്ത്യൻ വാക്സിനെതിരെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനകൾ എഴുതി വലിയൊരു കാമ്പെയിൻ തുടക്കമിടാനും അതുവഴി ആഭ്യന്തര കലാപത്തിനും ഇരുവരും ശ്രമിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കിയെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ആശയവിനിമയം ഇമെയിൽ വഴിയാണ് നടത്തിയിരുന്നത്. പ്രബീറും നെവിലും ഇന്ത്യൻ ഭൂപടം തിരുത്തി കാശ്മീരിനും വടക്കേ അതിർത്തിക്കും പ്രത്യേക ബോർഡറുകൾ ചേർത്തു. ഇക്കാര്യങ്ങൾ ഇ-മെയിൽ വഴി ഇരുവരും സംസാരിക്കുകയും ചെയ്തു.