ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കാന്തിലാൽ ഭൂരിയയുടെ പ്രസ്താവന വിവാദമാകുന്നു. പാർട്ടിയുടെ ‘മഹാലാക്ഷ്മി’ പദ്ധതി വഴി സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ നൽകുമെന്നും, ഇതുവഴി രണ്ട് ഭാര്യമാരുള്ള ഭർത്താക്കന്മാർക്ക് രണ്ട് ലക്ഷം രൂപ ലഭിക്കുമെന്നുമായിരുന്നു ഭൂരിയയുടെ വിവാദ പ്രസ്താവന.
“എല്ലാ സ്ത്രീകൾക്കും ഒരു ലക്ഷം രൂപ നൽകുമെന്ന് കോൺഗ്രസിന്റെ പ്രകടന പത്രികയിൽ ഉറപ്പുനൽകുന്നു. സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ തുക നിക്ഷേപിക്കും. ഭർത്താവിന് രണ്ട് ഭാര്യമാരുണ്ടെങ്കിൽ ഇരുവരും പദ്ധതിയുടെ കീഴിൽ വരും” മദ്ധ്യപ്രദേശിലെ സായിലാനയിൽ നടന്ന പ്രചാരണ റാലിക്കിടെ ഭൂരിയ പറഞ്ഞു.
മദ്ധ്യപ്രദേശിലെ രത്ലം ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഭൂരിയ. ഇയാൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോൺഗ്രസ് നയിക്കുന്ന യുപിഎ സർക്കാരിന്റെ കാലത്ത് വനവാസി ക്ഷേമകാര്യ മന്ത്രിയായിരുന്നു ഭൂരിയ. നിലവിൽ മത്സരത്തിനായി നിൽക്കുന്ന രത്ലം മണ്ഡലത്തിൽ മെയ് 13ന് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും.
ഭൂരിയയുടെ പ്രസംഗം വിവാദമായതോടെ കോൺഗ്രസ് പ്രതികരണവുമായി രംഗത്തെത്തി. ന്യായീകരിക്കാൻ മറ്റ് വഴികളില്ലാത്തതിനാൽ ഭൂരിയയുടെ പ്രസ്താവന തള്ളുകയാണെന്ന് കോൺഗ്രസ് അറിയിച്ചു. കോൺഗ്രസിന്റെ പ്രകടനപത്രികയിൽ അത്തരമൊരു വാഗ്ദാനമില്ലെന്നായിരുന്നു മദ്ധ്യപ്രദേശ് സംസ്ഥാന അദ്ധ്യക്ഷൻ ജിതു പത്വാരിയുടെ പ്രതികരണം.