പാലക്കാട്: യുവാവിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് വീണ്ടും കാട്ടാനയിറങ്ങിയത്. ധോണി സ്വദേശി ബിനോയിക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. കഞ്ചിക്കോട് മലമ്പുഴ പാതയിലാണ് സംഭവം. കഞ്ചിക്കോട് നിന്നും ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് നേരെ കാട്ടാനയെത്തിയത്.
അപ്രതീക്ഷിതമായി ആനയെ മുന്നിൽ കണ്ടതോടെ ബിനോയ് ഭയന്നു. ബൈക്കും ഇതിനിടെ ഓഫായി. ഇതോടെ ബിനോയ് വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന ബിനോയിയുടെ വാഹനം തകർത്തു. തുടർന്ന് വനംവകുപ്പ് ഓഫീസിലാണ് യുവാവ് അഭയം തേടിയത്.
കഴിഞ്ഞ ദിവസമാണ് പാലക്കാട് കാട്ടാനാക്രമണത്തിൽ ഒരു മാദ്ധ്യമപ്രവർത്തകന് ജീവൻ നഷ്ടമായത്. മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപമായിരുന്നു സംഭവം നടന്നത്. മേഖലയിൽ ആനയിറങ്ങിയതിന്റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.